ജൂതലോബിയെ തകര്‍ത്ത് ഇല്‍ഹാന്‍ ഒമര്‍ വീണ്ടും യുഎസ് കോണ്‍ഗ്രസില്‍
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി രണ്ട് ആഫ്രോ അമേരിക്കന്‍ വംശജരായ സ്ത്രീകളും ഇത്തവണ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡെല്‍വെയറില്‍ നിന്ന് ലിസ് ബ്രണ്ട് റോച്ചെസ്റ്ററും മേരിലാന്‍ഡില്‍ നിന്ന്് എയ്ഞ്ചല ആള്‍സോബ്രുക്ക്‌സുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ അനുകൂല റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ഇല്‍ഹാന്‍ ഒമര്‍. സീറ്റ് നിഷേധിക്കാനുള്ള അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിയുടെ എല്ലാ കുതന്ത്രങ്ങളെയും നേരിട്ടാണ് ഇല്‍ഹാന്‍ സീറ്റ് നേടിയിരുന്നത്. ആകെ പോള്‍ ചെയ്ത വോട്ടില്‍ 76.4 ശതമാനവും സ്വന്തമാക്കി വിജയിക്കുകയും ചെയ്തു.
ഇറാഖില്‍ നിന്ന് അമേരിക്കയില്‍ എത്തിയ, മതനിരപേക്ഷവാദിയും സയണിസ്റ്റ് അനുകൂലിയുമായ ഡാലിയ അല്‍ അഖിദിയായിരുന്നു ഇല്‍ഹാന്‍ ഒമറിന്റെ എതിരാളി. ഗസയിലെ ഇസ്രായേല്‍ അധിനിവേശത്തെ അനുകൂലിച്ചാണ് ഡാലിയ ക്യാംപയിന്‍ നടത്തിയിരുന്നത്. ഇല്‍ഹാനാവട്ടെ ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും ക്യാംപയിന്‍ നടത്തി. ഇത് ജനങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
2024 നവംബറിലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രാഥമിക തിരഞ്ഞെടുപ്പിലാണ് അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി ഇല്‍ഹാന് സീറ്റ് നിഷേധിക്കാന്‍ ലോബിയിങ് നടത്തിയിരുന്നത്.
ഡോണ്‍ സാമുവല്‍സ് എന്ന കരുത്തനായ എതിരാളിയെയും അവര്‍ കൊണ്ടുവന്നു. എന്നാല്‍, 1.6ദശലക്ഷം ഡോളറാണ് ഇല്‍ഹാമിന് ജനങ്ങള്‍ സംഭാവന ചെയ്തത്. ഡോണ്‍ സാമുവല്‍സിന് 5.35 ലക്ഷം ഡോളര്‍ മാത്രമാണ് ലഭിച്ചത്. സ്വാഭാവികമായും ഡോണ്‍ സാമുവല്‍സിനെ ഇല്‍ഹാന്‍ പരാജയപ്പെടുത്തി.
ആഫ്രിക്കയിലെ സോമാലിയയില്‍ ജനിച്ച ഇല്‍ഹാന്‍ യുഎസ് കോണ്‍ഗ്രസിലെ ആദ്യ മുസ്‌ലിം അമേരിക്കന്‍ വനിതയായിരുന്നു. ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതിനാല്‍ അവര്‍ നിരന്തരം വേട്ടയാടപ്പെട്ടു. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ റാഷിദ ത്‌ലൈബും വിജയം കൈവരിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ജെയിംസ് ഹൂപ്പറെയാണ് ഇവര്‍ ഡെട്രോയിറ്റില്‍ പരാജയപ്പെടുത്തിയത്. ഇല്‍ഹാനും റാഷിദയും സ്‌ക്വോഡ് എന്ന അനൗദ്യോഗിക സംഘത്തില്‍ അംഗമാണ്. കോണ്‍ഗ്രസിലെ പുരോഗമനകാരികളായ അംഗങ്ങളുടെ കൂട്ടായ്മയാണ് ഇത്.
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി രണ്ട് ആഫ്രോ അമേരിക്കന്‍ വംശജരായ സ്ത്രീകളും ഇത്തവണ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡെല്‍വെയറില്‍ നിന്ന് ലിസ് ബ്രണ്ട് റോച്ചെസ്റ്ററും മേരിലാന്‍ഡില്‍ നിന്ന്് എയ്ഞ്ചല ആള്‍സോബ്രുക്ക്‌സുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.