ദയാവധത്തിനു വേണ്ടി ന്യൂസിലാന്റ് വോട്ട് ചെയ്തു: അനുകൂലികള്‍ക്ക് ഭൂരിപക്ഷം
ആറുമാസത്തിലധികമായി രോഗബാധിതരായ ആളുകള്‍ക്ക് രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരമുണ്ടെങ്കില്‍ ദയാവധം തിരഞ്ഞെടുക്കാന്‍ നിയമം അനുവദിക്കും.
വെല്ലിങ്ടണ്‍: ദയാവധത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ന്യൂസിലാന്റില്‍ നടത്തിയ വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും അനുകൂല തീരുമാനമെടുത്തു. 65.2% വോട്ടര്‍മാര്‍ ദയാവധത്തിന് അനുമതി നല്‍കുന്ന നിയമമായ 'എന്‍ഡ് ഓഫ് ലൈഫ് ചോയ്‌സ് ആക്റ്റി'നെ പിന്തുണച്ചതായി പ്രാഥമിക ഫലങ്ങള്‍ കാണിച്ചു. ഇതുപ്രകാരം ആറുമാസത്തിലധികമായി രോഗബാധിതരായ ആളുകള്‍ക്ക് രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരമുണ്ടെങ്കില്‍ ദയാവധം തിരഞ്ഞെടുക്കാന്‍ നിയമം അനുവദിക്കും.
വെള്ളിയാഴ്ച പ്രഖ്യാപിച്ച റഫറണ്ടം ഫലങ്ങളില്‍ വിദേശ ബാലറ്റുകള്‍ ഉള്‍പ്പെടെ 480,000 പ്രത്യേക വോട്ടുകള്‍ ഉള്‍പ്പെടുന്നില്ല, അതിനാല്‍ അവസാന ഫലം നവംബര്‍ 6 ന് മാത്രമേ ഉറപ്പിക്കാനാവൂ. എന്നാലും ഇപ്പോഴുള്ള ഫലം മാറില്ലെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. 2021 നവംബറോടെ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നെതര്‍ലാന്‍ഡ്സ്, കാനഡ എന്നിവിടങ്ങളില്‍ ദയാവധം അനുവദിനീയമാണ്.