ആലപ്പുഴയില്‍ നവജാത ശിശുവിന് അസാധാരണ രൂപ വ്യതിയാനം; നാലു ഡോക്ടര്‍മാര്‍ക്കെതിരേ കേസ്

ആലപ്പുഴ സൗത്ത് പോലിസാണ് കേസെടുത്തത്

Update: 2024-11-28 04:01 GMT

ആലപ്പുഴ: നവജാത ശിശുവിന്റെ ശരീരത്തിന് അസാധാരണ വ്യതിയാനമുണ്ടായെന്ന പരാതിയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരേ പോലിസ് കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരേയാണ് ആലപ്പുഴ സൗത്ത് പൊലിസ് കേസെടുത്തത്. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.ആലപ്പുഴ സ്വദേശിനിയും ഭര്‍ത്താവും നല്‍കിയ പരാതിയിലാണ് കേസ്‌

കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കുഞ്ഞ് വായ തുറക്കുകയില്ല. അസ്ഥാനത്തുള്ള കണ്ണുകള്‍ തുറക്കാനും കഴിയില്ല. ഹൃദയത്തില്‍ ദ്വാരവുമുണ്ട്. ജനനേന്ദ്രിയത്തിനും കാര്യമായ വ്യത്യാസമുണ്ട്. കൈയും കാലും വളഞ്ഞാണ്. ചെവി കേള്‍ക്കുന്നില്ല. അതും സ്ഥാനത്തല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും. ഈ തകരാറുകള്‍ പ്രസവശേഷമാണു മനസ്സിലായതെന്ന് യുവതിയുടെ പരാതി പറയുന്നു.

ഗര്‍ഭകാലത്ത് ആശുപത്രിയിലും സ്വകാര്യലാബുകളിലും നടത്തിയ പരിശോധനകളില്‍ ഇക്കാര്യമൊന്നും വെളിപ്പെട്ടിരുന്നില്ല. പരാതിയെ തുടര്‍ന്ന് സ്‌കാനിങ് നടത്തിയ രണ്ടു ലാബുകളിലും ബുധനാഴ്ച ആരോഗ്യവകുപ്പ്അധികൃതര്‍ പരിശോധന നടത്തി. ഡിഎംഒയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. സ്‌കാനിങ് യന്ത്രത്തിന്റെ കാര്യക്ഷമത പരിശോധിച്ചു. സ്‌കാന്‍ചെയ്ത ഡോക്ടര്‍ തന്നയാണോ റിപോര്‍ട്ടില്‍ ഒപ്പിട്ടത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും.

ചികിത്സാപ്പിഴവു സംബന്ധിച്ച പരാതികളിലെ നടപടിക്രമം പാലിച്ചായിരിക്കും അന്വേഷണമെന്ന് പോലിസ് അറിയിച്ചു. പോലീസിനു മാത്രമായി കേസ് അന്വേഷിക്കാനാകില്ല. അതുകൊണ്ടാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചു. ഡിഎംഒ, ഗൈനക്കോളജിസ്റ്റുകള്‍, ശിശുരോഗവിദഗ്ധര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.

Similar News