കൊവിഡ് കാലത്തെ അമിത ചാര്‍ജ്ജ്: ക്യാബിന്‍ ടാക്‌സികള്‍ക്കെതിരേ നടപടിക്കൊരുങ്ങി കൊടുങ്ങല്ലൂര്‍ നഗരസഭ
തൃശൂര്‍: കൊവിഡ് കാലത്ത് അമിത ചാര്‍ജ്ജ് ഈടാക്കുന്ന കൊടുങ്ങല്ലൂരിലെ ക്യാബിന്‍ ടാക്‌സി കാറുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ക്കൊരുങ്ങി കൊടുങ്ങല്ലൂര്‍ നഗരസഭ. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും കൊവിഡ് പരിശോധനയ്ക്ക് പോകുന്ന പാവപ്പെട്ടവരില്‍ നിന്നും അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്ന് നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ പറഞ്ഞു.
കൊവിഡ് രോഗം വ്യാപകമായതിനെ തുടര്‍ന്ന് നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ചില ടാക്‌സി കാറുകള്‍ ഡ്രൈവറുടെയും യാത്രക്കാരുടെയും ഇടയില്‍ ഒരു സ്‌ക്രീന്‍ സ്ഥാപിച്ച് ക്യാബിന്‍ ടാക്‌സികള്‍ എന്ന പേരിലാണ് ഓടുന്നത്. വീട്ടിലും മറ്റും നിരീക്ഷണത്തിലും ക്വാറന്റീനിലും കഴിയുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും കൊവിഡ് പരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനുമാണ് ഇവരുടെ ഓട്ടം. കൊവിഡ് രോഗികള്‍ ഉള്‍പ്പെടെ സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്തവര്‍ ഇത്തരം ടാക്‌സികളെയാണ് ആശ്രയിക്കുന്നത്.
പാവപ്പെട്ട രോഗികളില്‍ നിന്നും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും ഹ്രസ്വദൂര ഓട്ടങ്ങള്‍ക്ക് പോലും ഭീമമായ ചാര്‍ജ് വാങ്ങുന്നതായാണ് പരാതി. കൊടുങ്ങല്ലൂരില്‍ നിന്ന് കോത പറമ്പിലേയ്ക്ക് 600 രൂപയും കാരയിലേയ്ക്ക് 750 രൂപയും പി.വെമ്പല്ലൂരിലേക്ക് 900 രൂപയുമാണ് ഈടാക്കുന്നത്. സാനിറ്റൈസറും മറ്റും സുരക്ഷാ സംവിധാനങ്ങളും നല്‍കുന്നു എന്നുപറഞ്ഞാണ് ഇത്രയും വലിയ തുക ചാര്‍ജ്ജ് ചെയ്യുന്നത്.
കൊവിഡ് മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവസരം മുതലെടുത്ത് ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ അന്വേഷിച്ച് നടപടി എടുക്കുമെന്നും ബന്ധപ്പെട്ടവരുമായി ആലോചിച്ച് പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെ പരിശോധിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.