തൃശൂര്‍ കായികരംഗത്ത് വലിയ മികവ് അവകാശപ്പെടാന്‍ കഴിയുന്ന ജില്ല: മന്ത്രി ഇ പി ജയരാജന്‍ -ഐ എം വിജയന്റെ പേരിലുള്ള സ്‌റ്റേഡിയം ജനുവരിയില്‍ തുറക്കും
തൃശൂര്‍: കായികരംഗത്ത് വലിയ മികവ് അവകാശപ്പെടാന്‍ കഴിയുന്ന ജില്ലയാണ് തൃശൂരെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. അതുകൊണ്ട് തന്നെ കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ ഈ മേഖലയ്ക്ക് നല്ല പരിഗണന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനാരായണപുരം പഞ്ചായത്തില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്‌റ്റേഡിയവും കളിസ്ഥലവും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായിക വകുപ്പ് നിര്‍മ്മിച്ച ഉന്നതനിലവാരമുള്ള നാല് സ്‌റ്റേഡിയങ്ങളില്‍ രണ്ടെണ്ണം തൃശൂരിലാണ്. ലാലൂരില്‍ ഐ എം വിജയന്റെ പേരിലുള്ള സ്‌റ്റേഡിയവും ജനുവരിയില്‍ തുറക്കും. ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് കളിക്കളങ്ങളും സ്‌റ്റേഡിയങ്ങളും നിര്‍മ്മിക്കുന്നുണ്ട്. അത്തരത്തിലുള്ള മികച്ച സംരംഭമാണ് കയ്പമംഗലം നിയോജകമണ്ഡലത്തിലെ ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്‌റ്റേഡിയം. സംസ്ഥാനത്തെ 14 ജില്ലാ സ്‌റ്റേഡിയങ്ങള്‍ക്കും 44 പഞ്ചായത്ത് മുനിസിപ്പാലിറ്റി സ്‌റ്റേഡിയങ്ങള്‍ക്കുമായി ആയിരം കോടി രൂപയോളം കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ഇതില്‍ 26 സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മറ്റ് നിര്‍മാണ പ്രവൃത്തികളും വൈകാതെ ആരംഭിക്കും. ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് 43 ഫുട്‌ബോള്‍ ഗ്രൗണ്ടും 27 സിന്തറ്റിക് ട്രാക്കും 33 സ്വിമ്മിംഗ് പൂളും 33 ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളുമാണ് നിലവില്‍ വരിക. ദേശീയഅന്തര്‍ദേശീയ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന ഉന്നതനിലവാരത്തിലുള്ള കളിക്കളങ്ങളാണ് ഇവയെല്ലാമെന്നും അദ്ദേഹം പറഞ്ഞു.
ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നനുവദിച്ച 54 ലക്ഷം രൂപ ഉപയോഗിച്ച് പഞ്ചായത്തിന്റെ 89 സെന്റ് സ്ഥലത്താണ് പി. വെമ്പല്ലൂര്‍ സ്‌റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. 5 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് ചുറ്റുമതിലും നിര്‍മ്മിച്ചിട്ടുണ്ട്. മുള്ളന്‍ ബസാര്‍ എസ് ബി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ 10 രജിസ്‌ട്രേഡ് ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ അധ്യക്ഷന്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍
എംഎല്‍എ വിതരണം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോജി പോള്‍ കാഞ്ഞൂത്തറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസര്‍, വൈസ് പ്രസിഡന്റ് എം എസ് മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് കൈതവളപ്പില്‍, ബി ജി വിഷ്ണു, യുവജനക്ഷേമ ബോര്‍ഡ് അംഗം കെ വി രാജേഷ്, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.