സ്മാര്‍ട്ടാകാന്‍ തൃശൂരിലെ 14 വില്ലേജ് ഓഫീസുകള്‍; നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു
തൃശൂർ: സംസ്ഥാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലുള്‍പ്പെടുത്തി തൃശൂര്‍ ജില്ലയിലെ 14 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നു. എരവ്, ശ്രീനാരായണപുരം, പുല്ലൂറ്റ്, അഴീക്കോട്, കാക്കുളിശ്ശേരി, ആളൂര്‍, കല്ലേറ്റുംകര, ചാലക്കുടി ഈസ്റ്റ്, വടക്കേക്കാട്, കണിയാര്‍ക്കോട്, കൊണ്ടാഴി, അഞ്ഞൂര്‍ ഗ്രൂപ്പ്, ഒല്ലൂര്‍ക്കര, നടത്തറ എന്നീ വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ടാകുന്നത്. ഇവയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുഖ്യാതിഥിയായി.
പഴയ വില്ലേജ് ഓഫിസ് കെട്ടിടങ്ങള്‍ നവീകരിക്കുകയല്ല, ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസര്‍ക്കും, ജീവനക്കാര്‍ക്കും പ്രത്യേകം ക്യാബിനുകള്‍, സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍, സാധാരണ ശുചിമുറികള്‍ക്ക് പുറമെ ഭിന്നശേഷികാര്‍ക്ക് പ്രത്യേകം ശുചിമുറികളും, റാമ്പ് സൗകര്യങ്ങളും, സന്ദര്‍ശകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍, സെര്‍വര്‍ റൂം, റെക്കോര്‍ഡ് റൂം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മിക്കുന്നത്. 44 ലക്ഷം രൂപയാണ് ഒരു വില്ലേജ് ഓഫീസ് നവീകരിക്കാനായി സര്‍ക്കാര്‍ നല്‍കുന്നത്.
വാടക കെട്ടിടത്തിലാണ് പലയിടത്തും വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മിക്ക കെട്ടിടങ്ങളിലുമില്ല. ഇതു സംബന്ധിച്ച പരാതികള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വില്ലേജ് ഓഫിസുകളെ സ്മാര്‍ട്ടാക്കാനുള്ള പദ്ധതി അടിയന്തിരമായി നടപ്പിലാക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്ത് ഇത്തരത്തില്‍ 159 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. ഇവ കൂടി പൂര്‍ത്തിയാകുന്നതോടെ, സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ എണ്ണം 305 ആകും.
വിവിധയിടങ്ങളില്‍ നടന്ന ഉദ്ഘാടനചടങ്ങുകളില്‍ ചീഫ് വിപ്പ് കെ രാജന്‍, ടി എന്‍ പ്രതാപന്‍ എംപി, എംഎല്‍എമാരായ ബി ഡി ദേവസ്സി, കെ വി അബ്ദുള്‍ഖാദര്‍, പ്രൊഫ കെ യു അരുണന്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, മുരളി പെരുനെല്ലി, അഡ്വ വി ആര്‍ സുനില്‍കുമാര്‍, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.