തൃശൂർ: ആനക്കയം ആദിവാസി കോളനി നിവാസികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് വൈദ്യുതിയില്ലെന്ന പരാതി ഇനിയില്ല. ജില്ല ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സോളാര്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്. എന്‍ എസ് എസ് ടീമിന്റെ 'കരുതല്‍' എന്ന പേരിലുള്ള പദ്ധതി വിദ്യാഭാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
24 ആദിവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് പദ്ധതി പ്രയോജനപ്പെടുക. നാഷണല്‍ സര്‍വ്വീസ് സ്‌കീം, ജില്ല തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ആദിവാസി കോളനി നിവാസികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സോളാര്‍ എല്‍ ഇ ഡി ടി വി യും അനുബന്ധ ഉപകരണങ്ങളും നല്‍കിയത്. കരുതല്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ഇ ഡി ടിവി, ഭക്ഷ്യ കിറ്റുകള്‍, സാനിറ്റൈസര്‍, പഠന ഉപകരണങ്ങള്‍, 24 അലമാരകള്‍ എന്നിവ വിതരണം ചെയ്തു.
ബി ഡി ദേവസി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ, ജില്ലാ പഞ്ചായത്തംഗങ്ങളായ സിനി, റിജേഷ്, നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ ജേക്കബ് ജോണ്‍, സബ് ജഡ്ജ് നിഷി പി എസ്, ട്രൈബല്‍ ഓഫീസര്‍ സന്തോഷ്, ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ വി എം കരീം, എന്‍ എസ് എസ് പ്രവര്‍ത്തകരായ എം വി പ്രതീഷ്, പി ഡി സുഗതന്‍, റസല്‍ ഗോപീനാഥ് എന്നിവര്‍ പങ്കെടുത്തു.