തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധന അന്തിമഘട്ടത്തില്‍.
ശേഷിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനയ്ക്ക് ഇരിങ്ങാലക്കുട പഴയ താലൂക്ക് ഓഫീസില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തുകള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന മള്‍ട്ടി പോസ്റ്റ് യന്ത്രങ്ങളും മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്ക്കുവേണ്ടിയുള്ള സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളുടെയും പരിശോധനയാണ് പുരോഗമിക്കുന്നത്. മള്‍ട്ടി പോസ്റ്റ് യന്ത്രങ്ങളില്‍ ശേഷിക്കുന്ന 600 കണ്‍ട്രോള്‍ യൂണിറ്റുകള്‍ 2600 ബാലറ്റ് യൂണിറ്റുകള്‍ എന്നിയുടെ പരിശോധ ഞായറാഴ്ചയോടെ തീര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് നോഡല്‍ ഓഫീസര്‍ അയൂബ്ഖാന്‍ അറിയിച്ചു. 35ഓളം ഉദ്യോഗസ്ഥരാണ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങൾക്ക് 3,450 കണ്‍ട്രോള്‍ യൂണിറ്റുകളാണ് ജില്ലയില്‍ സജ്ജമാക്കുക. 10,360 ബാലറ്റ് യൂണിറ്റുകളും ക്രമീകരിക്കും. മള്‍ട്ടി പോസറ്റ് വോട്ടിംഗ് യന്ത്രങ്ങളില്‍ ഇതുവരെ 2,803 കണ്‍ട്രോള്‍ യൂണിറ്റുകളുടെയും 7,708 ബാലറ്റ് യൂണിറ്റുകളുടെയും ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളില്‍ 700 കണ്‍ട്രോള്‍ യൂണിറ്റുകളുടെയും 700 ബാലറ്റ് യൂണിറ്റുകളുടെയും പ്രവര്‍ത്തനക്ഷമത പരിശോധനയും ഇതിനകം പൂര്‍ത്തിയായി.