തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും രാഷട്രീയ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പഞ്ചായത്തുതലത്തില്‍ പോളിങ് സ്‌റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭ തലത്തില്‍ പോളിങ് സ്‌റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലത്തിലും മാത്രമേ ഇലക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കൂ. ഇവിടെ സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ വയ്ക്കാം. ബൂത്തുകള്‍ നിര്‍മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങി പരിശോധിക്കുന്ന വേളയില്‍ അവ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാക്കുകയും വേണം. പോളിങ് സ്‌റ്റേഷന് സമീപം വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പാടില്ല. പഞ്ചായത്ത് തലത്തില്‍ 200 മീറ്ററിനുള്ളിലും നഗരസഭ തലത്തില്‍ 100 മീറ്ററിനുള്ളിലുമാണ് പോളിങ് ബൂത്തുകള്‍ക്ക് മുന്‍പില്‍ ഈ നിരോധനമുള്ളത്.
പോളിങ് ബൂത്തുകളില്‍ ഒബ്‌സര്‍വര്‍മാര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കൊഴികെ ആര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. രാഷ്ട്രീയ കക്ഷികള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ വോട്ടര്‍മാരെ വാഹനമേര്‍പ്പെടുത്തി പോളിങ് സ്‌റ്റേഷനിലെത്തിക്കാനും പാടില്ല.
വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. രാഷ്ട്രീയ കക്ഷികള്‍ അവരവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കണം. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ള കടലാസില്‍ ഉള്ളതാകണം. ഇതില്‍ സ്ഥാനാര്‍ത്ഥിയുടെയോ കക്ഷികളുടെയോ പേരോ ചിഹ്നമോ ഉണ്ടാകരുത്. പോളിങ്ബൂത്തിന് സമീപത്ത് നിശ്ചിത പരിധിയില്‍ രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്‌ക് ഉപയോഗിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറും വോട്ടെണ്ണുന്ന ദിവസവും മദ്യവിതരണം നടത്തരുത്. സംഘട്ടനം, സംഘര്‍ഷം എന്നിവ ഒഴിവാക്കുന്നതിന് പോളിങ് ബൂത്തുകള്‍ക്ക് സമീപവും സ്ഥാനാര്‍ത്ഥികളുടെ ക്യാമ്പിന്റെ പരിസരത്തും ആള്‍ക്കൂട്ടം ഉണ്ടാകരുത്. സ്ഥാനാര്‍ത്ഥിയുടെ ക്യാമ്പുകള്‍ ആര്‍ഭാട രഹിതമാകണം. ക്യാമ്പുകളില്‍ ആഹാരം വിതരണം പാടില്ല. വോട്ടെടുപ്പ് ദിവസം ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് വാങ്ങി രാഷ്ട്രീയ കക്ഷികള്‍ അതത് വാഹനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും വേണം.