അഴീക്കോട്-മുനമ്പം പാലം സുപ്രധാന ഘട്ടത്തിലേയ്ക്ക്; 154.65 കോടി രൂപയുടെ കിഫ്ബി ഫണ്ട്
തൃശൂര്‍: തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട് മുനമ്പം പാലം സുപ്രധാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. പാലത്തിന്റെ നിര്‍മ്മാണത്തിന് കിഫ്ബിയുടെ 154.65 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചത്. സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍, പൈലിംഗ് വര്‍ക്കുകള്‍ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ടെണ്ടര്‍ അനുമതിക്കായി ക്വട്ടേഷനും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു.
റീടെണ്ടര്‍ വിളിച്ചെങ്കിലും ഒരു കമ്പനി മാത്രമേ ടെണ്ടറില്‍ പങ്കെടുത്തുള്ളൂ എന്നതിനാല്‍ 30 ശതമാനം അധികത്തുകയ്ക്കാണ് കോട്ട് ചെയ്തിരിക്കുന്നത്. ഗവ: സെക്രട്ടറിയുടെ പ്രത്യേക അംഗീകാരം ലഭിച്ചാലുടന്‍ നിര്‍മ്മാണ പ്രവൃത്തികളുടെ ആദ്യഘട്ടം ആരംഭിക്കുവാന്‍ സാധിക്കും. ഇതിന് വേണ്ടിയുള്ള എല്ലാ നടപടികളും വേഗത്തിലാക്കാനുള്ള നിര്‍ദ്ദേശങ്ങളും ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ നല്‍കിക്കഴിഞ്ഞു.
കയ്പമംഗലം മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നാമതാണ് അഴീക്കോട് മുനമ്പം പാലം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ എറണാകുളം ജില്ലയില്‍ നിന്ന് തൃശൂര്‍ ജില്ലയിലേക്കുള്ള എളുപ്പമാര്‍ഗമാകും ഈ പാലം. അഴീക്കോട് നിന്ന് കേരളത്തിന്റെ വടക്കന്‍ മേഖലകളിലേക്ക് ഏറ്റവും എളുപ്പമാര്‍ഗത്തില്‍ എത്തിച്ചേരാനും തെക്കന്‍ ജില്ലകളില്‍നിന്ന് വൈപ്പിന്‍കര വഴി ഗതാഗത കുരുക്കുകളില്ലാതെ കടന്നുപോകാനും സാധിക്കും. തീരദേശത്തെ മത്സ്യ വ്യവസായവും അഭിവൃദ്ധി പ്രാപിക്കും.
രണ്ട് തീരദേശങ്ങളെ തമ്മില്‍ കൂട്ടിമുട്ടിക്കുന്ന പാലത്തിന് 2011ലാണ് തറക്കല്ലിട്ടത്. സാങ്കേതിക പ്രശ്‌നം മൂലം സ്ഥലമേറ്റെടുക്കല്‍ വൈകിയത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി. നിര്‍ദ്ദിഷ്ട തുറമുഖ പ്രദേശത്ത് നിര്‍മിക്കുന്ന പാലത്തിന്റെ ഉയരം 12.5 മീറ്ററാണ്. അഴീക്കോട് മുനമ്പം കായലിനു കുറുകെ 900 മീറ്റര്‍ നീളത്തിലും 16.5 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. കപ്പലുകള്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന തരത്തിലുള്ള ഉയരത്തിലാണ് നിര്‍മ്മാണം. നിര്‍മാണത്തിന് ഇന്‍ലാന്റ് നാവിഗേഷന്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. പിന്നീട് പാലത്തിന്റെ അനുബന്ധ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി 6.49 കോടിയും മുനമ്പം ഭാഗത്ത് 8.13 കോടിയും അനുവദിച്ചു. സാമൂഹിക പ്രത്യാഘാത പഠനം വിലയിരുത്തല്‍ റിപ്പോര്‍ട്ടിന് വേണ്ടിയുള്ള ഹിയറിംഗ് 2019 ആഗസ്റ്റില്‍ ഇ ടി
ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തിലും നടത്തി. കളമശ്ശേരി രാജഗിരി കോളേജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ആഘാതപഠനം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ സ്ഥലവും വീടും നഷ്ടപ്പെടുന്ന മുഴുവന്‍ പേരെയും പങ്കെടുപ്പിച്ചായിരുന്നു ഹിയറിംഗ്. പഠനം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ 22 ഭൂമിയുടമകളുടെ വീടും സ്ഥലവുമാണ് സര്‍ക്കാര്‍ റോഡ് നിര്‍മാണത്തിനായി ഏറ്റെടുക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപ്രോച്ച് റോഡിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ നടക്കുക. തുടര്‍ന്ന്
2019 ഡിസംബറില്‍ പാലം നിര്‍മ്മാണവുമായി അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി സാമൂഹ്യ പ്രത്യാഖാത റിപ്പോര്‍ട്ട് വിലയിരുത്തുന്ന ഏഴംഗ സംഘസമിതി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു ഭൂവുടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നെന്ന രീതിയിലാണ് അഴീക്കോട് മുനമ്പം പാലം വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.