തൃശൂര്‍: നിയോജക മണ്ഡലത്തിലെ സുപ്രധാന റോഡായ അയ്യന്തോള്‍ പുഴയ്ക്കല്‍ മോഡല്‍ റോഡിന്റെ നാലാം ഭാഗ നിര്‍മാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ അറിയിച്ചു. 2020-21 വാര്‍ഷിക ബഡ്ജറ്റിലാണ് ഈ തുക അനുവദിച്ചത്. അയ്യന്തോള്‍ നിര്‍മല കോണ്‍വെന്റ് മുതല്‍ പഞ്ചിക്കല്‍ പാലം വരെയുള്ള 1400 മീറ്റര്‍ ആണ് നാലാം ഘട്ട നിര്‍മാണത്തില്‍ ഉള്‍പ്പെടുന്നത്. 7 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും ഡിവൈഡറുകള്‍ക്കും ഫുട് പാത്ത്, െ്രെഡന്‍, യൂടിലിറ്റി ഡക്ട്, സ്ട്രീറ്റ് ലൈറ്റുകള്‍ തുടങ്ങിയവയ്ക്കും വകയിരുത്തിയിട്ടുണ്ട്. സര്‍വേ നടപടികള്‍ക്ക് ശേഷം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് നിര്‍മാണ നടപടികള്‍ ആരംഭിക്കുകയും ചെയ്യും. പടിഞ്ഞാറേ കോട്ട മുതല്‍ കലക്റ്ററേറ്റ് വരെയുള്ള മോഡല്‍ റോഡ് നിര്‍മാണമാണ് മൂന്ന് ഘട്ടങ്ങളായി പൂര്‍ത്തീകരിച്ചിട്ടുള്ളത്. പടിഞ്ഞാറേ കോട്ട മുതല്‍ പുഴയ്ക്കല്‍ കുറ്റിപ്പുറം റോഡ് വരെയുള്ള 3.9 കിലോമീറ്റര്‍ റോഡ് ഇതോടെ മോഡല്‍ റോഡാകും.
ഈ റോഡിന്റെ നിര്‍മാണത്തോടെ തൃശൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ പി ഡബ്ല്യൂ ഡി റോഡുകളുടെയും ബി എം ബി സി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.