തൃശൂര്‍: പുഴയ്ക്കല്‍ എംഎല്‍എ റോഡില്‍ മതിയായ അനുമതിയില്ലാതെ ആരംഭിച്ച ടെന്നീസ് കോര്‍ട്ടിന്റെ നിര്‍മാണം
ജില്ല കലക്ടര്‍ എസ് ഷാനവാസ് ഇടപെട്ട് തടഞ്ഞു. തൃശൂര്‍ ജില്ല ടെന്നീസ് അസോസിയേഷനാണ് കൃഷിചെയ്യാതെ ഇട്ടിരുന്ന നെല്‍വയലിന്റെ അര ഏക്കറോളം സ്ഥലത്ത് ടെന്നീസ് കോര്‍ട്ട് നിര്‍മാണം ആരംഭിച്ചത്.
കെട്ടിടം പണിക്ക് ആവശ്യമായ അനുമതികളൊന്നും നേടിയിരുന്നില്ല. 2004 ല്‍ അനുമതി നേടിയെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടെങ്കിലും രേഖകള്‍ മതിയായതല്ലെന്ന് മനസിലാക്കിയാണ് കലക്ടര്‍ ഇടപെട്ടത്. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറി തുടങ്ങിയവരെ കലക്ടര്‍ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസുകള്‍ മുഖേനയാണ് പണി നിര്‍ത്തിവെക്കാനുള്ള ഉത്തരവ് നല്‍കിയത്. നികത്തിയ സ്ഥലത്തെ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നെല്‍വയലില്‍ അനധികൃതമായി നടത്തുന്ന എല്ലാ നിര്‍മാണ പ്രവൃത്തികള്‍ക്കും എതിരെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമപ്രകാരം നടപടി എടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു.