സുകുമാര്‍ അഴീക്കോട് സ്മാരക ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്കുളള ഗവേഷണ കേന്ദ്രമാകും: മന്ത്രി എ കെ ബാലന്‍

Update: 2021-02-15 14:46 GMT

തൃശൂര്‍: സുകുമാര്‍ അഴീക്കോട് സ്മാരക ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗവേഷണ കേന്ദ്രമാകുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. സുകുമാര്‍ അഴീക്കോട് സ്മാരകത്തിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മലയാളികളുടെ മനസ്സില്‍ എന്നും ഓര്‍ക്കുന്ന എഴുത്തുകാരനാണ് അഴീക്കോട്. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തേണ്ടത് വരും തലമുറയ്ക്ക് കൂടി ആവശ്യമെന്നും മന്ത്രി പറഞ്ഞു.

അഴീക്കോട് സ്മാരക ശിലാഫലകം ചീഫ് വിപ്പ് കെ രാജന്‍ അനാച്ഛാദനം ചെയ്തു.

സര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തിയ 50 ലക്ഷം രൂപയും എം എല്‍ എ ഫണ്ടും ഉപയോഗിച്ചാണ് സ്മാരക നവീകരണ പ്രവര്‍ത്തികള്‍ നടത്തുക. നിലവില്‍ അഴീക്കോട് മാഷുടെ സ്മാരകമായി പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ വസതിയാണ്.

എരവിമംഗലം അഴീക്കോട് സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ ഖദീജ മുംതാസ്, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് , സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ജയരാജ് വാര്യര്‍ എന്നിവര്‍ പങ്കെടുത്തു.

Similar News