നിയമസഭാ തിരഞ്ഞെടുപ്പ്; തൃശൂര്‍ ജില്ലയില്‍ ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു
തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിന്റെ ശരിയായ നടത്തിപ്പിനായി ജില്ലയില്‍ ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. പെരുമാറ്റച്ചട്ട ലംഘനത്തിന്റെയും അനധികൃത സാമ്പത്തിക ഇടപാടുകളുടെയും നിരീക്ഷണവും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും എടുക്കുക എന്നതാണ് ഫ്‌ളൈയിങ് സ്‌ക്വാഡുകളുടെ ചുമതല. തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട ജില്ലയിലെ നിരീക്ഷണത്തിനായി ചരക്ക് സേവന നികുതി ജോയിന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ പി ബി പ്രമോദിനെ നോഡല്‍ ഓഫീസാറായി നിയമിച്ചു.
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തലവനായ മൂന്ന് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കി. സീനിയര്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍, മൂന്നോ നാലോ സായുധ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ടീമാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുന്നത്. പതിമൂന്ന് നിയോജക മണ്ഡലങ്ങളിലായി മുപ്പത്തിയൊന്‍പത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പ് വിഞ്ജാപനം മുതല്‍ ഇലക്ഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വരെ ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ജില്ലയിലുണ്ടാകും.
തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നടക്കുന്ന പണം, മദ്യം, ആയുധക്കടത്ത്, സാമൂഹ്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ സ്‌ക്വാഡ് നിരീക്ഷിക്കും. തിരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട് മത്സരാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പാലിക്കേണ്ട നിബന്ധനകള്‍ മോണിറ്ററിംഗിന് വിധേയമാക്കും.