തൃശൂര്‍: തിരഞ്ഞെടുപ്പ് കാലത്ത് ജില്ല, സംസ്ഥാന അതിര്‍ത്തികളില്‍ പഴുതടച്ച നിരീക്ഷണവുമായി ജില്ലാ ഭരണകൂടം. പണം, മദ്യം, ആയുധം, മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവര്‍ കുടുങ്ങും. കൂട്ടത്തോടെ വാഹനങ്ങളില്‍ വോട്ടര്‍മാരെ കടത്തികൊണ്ടുവരുന്നവരും കോളനികള്‍ ഉള്‍പ്പടെ ആള്‍ക്കൂട്ടമുള്ള ഇടങ്ങളില്‍ വോട്ടിനായി പണം നല്‍കിയാലും പിടി വീഴും. അതിര്‍ത്തിയില്‍ വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ 24 മണിക്കൂറും എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടുമാരുടെ നേതൃത്വത്തില്‍ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമും ഫ്‌ളൈയിങ് സ്‌ക്വാഡും എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയില്‍ പാലക്കാട് തമിഴ്‌നാട് , എറണാകുളം, മലപ്പുറം ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 78 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. 13 നിയോജക മണ്ഡലങ്ങളിലായി മൂന്നു വീതം ആകെ 39 ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക.
അച്ചടിച്ച ആളിന്റെയും പ്രിന്റിംഗ്പ്രസിന്റെയും പേരില്ലാതെ ലഘുലേഖകള്‍ വാഹനങ്ങളിലെത്തിച്ചാലും കുടുങ്ങും. അമ്പതിനായിരം രൂപയ്ക്ക് മുകളില്‍ കൂടുതല്‍ ഉള്ള പണം പിടികൂടിയാല്‍ മതിയായ തെളിവുകള്‍ ലഭ്യമാക്കിയാല്‍ മാത്രമേ പിടികൂടിയ പണം വിട്ടുകൊടുക്കുകയുള്ളൂ. മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും തിരഞ്ഞെടുപ്പ് ചെലവുകള്‍ നിര്‍വ്വഹിക്കുന്നതില്‍ തുല്യനീതി ഉറപ്പാക്കാനും ജില്ലാതല തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം ഷാഡോ രജിസ്റ്റര്‍ സൂക്ഷിക്കും. സ്റ്റാറ്റിക്‌സ് സര്‍വേ ലെന്‍സ്ടീം, വീഡിയോ വ്യൂവിംഗ് ടീം. ഫ്‌ളൈയിങ് സ്‌ക്വാഡ് എന്നിവയും നീരീക്ഷണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും. 13 നിയോജകമണ്ഡലങ്ങളിലും ചിലവ് നിരീക്ഷിക്കുന്നതിന്
ഒരോ ഒബ്‌സര്‍വര്‍മാരെയും രണ്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെ 39 പേരെയും ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്. സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എന്നിവര്‍ക്ക് അയ്യന്തോള്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ പരിശീലനം നല്‍കിയിരുന്നു.