മലപ്പുറത്തിന് വേണ്ടത് ശാശ്വത പരിഹാരം; പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കണം: കാംപസ് ഫ്രണ്ട്
മലപ്പുറം: കാലങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നും അതിനായി ജില്ലയില്‍ പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കണമെന്നും കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും നടക്കുന്നത് പോലെ 20 ശതമാനം സീറ്റ് വര്‍ധനവിന്റെ പ്രഖ്യാപനവുമായി വിദ്യാര്‍ത്ഥികളെ വീണ്ടും കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷവും സീറ്റ് വര്‍ധിപ്പിച്ചതോടെ ഓരോ ക്ലാസുകളിലും 65ഓളം വിദ്യാര്‍ഥികളാണ് ഒരുമിച്ചിരുന്ന് പഠിക്കേണ്ടി വന്നത്. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാകാത്ത വിധം വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിക്കകത്ത് കുത്തിനിറച്ച് പൊറുതിമുട്ടിക്കുന്നത് കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക. ജില്ലയിലെ ഹയര്‍സെക്കന്‍ണ്ടറി പ്രതിസന്ധിക്ക് ഒരിക്കലും പരിഹാരമല്ലാത്ത താല്‍ക്കാലിക സീറ്റ് വര്‍ദ്ധനവിന്റെ ശതമാനക്കണക്ക് പറഞ്ഞ് യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവിലെ ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കന്‍ണ്ടറികളാക്കി ഉയര്‍ത്തിയും, ഭൗതികസൗകര്യങ്ങളോടുകൂടി പുതിയ ബാച്ചുകള്‍ അനുവദിച്ചും മലപ്പുറം ജില്ലക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിലൂടെ മാത്രമേ കാലങ്ങളായി തുടരുന്ന ഈ ഗുരുതര പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഷുഹൈബ് ഒഴുര്‍, മലപ്പുറം സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് അര്‍ഷക്ക് ശര്‍ബാസ്, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റമീസ് ഇരിവേറ്റി, ഹാസിന്‍ മഹ്‌സൂല്‍, ഫയ്യാസ് മഞ്ചേരി, തമീം ബിന്‍ ബക്കര്‍, അര്‍ഷദ് പട്ടര്‍നക്കടവ്, റിംഷാദ് പുതുക്കോട്, യൂനുസ് വെന്തൊടി എന്നിവര്‍ സംസാരിച്ചു.