തൃശൂര്‍: പ്രധാനമന്ത്രി മത്സ്യ സമ്പാദ് യോജന പദ്ധതി പ്രകാരം തളിക്കുളത്ത് ബയോഫ്‌ളോക് മത്സ്യകൃഷി യൂനിറ്റ് ആരംഭിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ആര്‍.പി.ടി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ്മത്സ്യകൃഷി ആരംഭിച്ചിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മീനുകള്‍ കൃഷി ചെയ്യുക എന്ന കാഴ്ചപ്പാടാണ് നൂതന സാങ്കേതിക വിദ്യയായ ബയോഫ്‌ളോക് കൊണ്ട് ഉദ്ദേശിക്കുന്നത്. നാല് മീറ്റര്‍ വ്യാസവും 16,000 ലിറ്റര്‍ കപ്പാസിറ്റിയുമുള്ള ഏഴ് കൃത്രിമ കുളങ്ങളാണ് ഇവിടെയുള്ളത്. ഓരോന്നിലും 1000 ഗിഫ്റ്റ് തിലാപ്പിയ മീന്‍ കുഞ്ഞുങ്ങളെ വരെ വളര്‍ത്താന്‍ കഴിയും. ആറ് മാസം കൊണ്ട് ഓരോ മീനുകളും 500 ഗ്രാം തൂക്കമുള്ളതാകും. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന എയറേറ്റര്‍ സംഭരണിയിലെ വെള്ളത്തെ സദാ ശുദ്ധീകരിച്ചുകൊണ്ടിരിക്കും. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിക്ക് ഏഴരലക്ഷം രൂപയാണ്ചെലവ്. ഇതില്‍ 40% സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. നാട്ടിലും വിദേശത്തുമായുള്ള മുപ്പതോളം പേരടങ്ങുന്ന ആര്‍.പി.ടി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് തളിക്കുളത്തെ ആദ്യത്തെ ബയോഫ്‌ളോക് മത്സ്യക്കൃഷി ആരംഭിച്ചിരിക്കുന്നത്.തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിഐ സജിത ബയോഫ്‌ളോക്കില്‍ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പഞ്ചായത്തംഗം സുമന ജോഷി അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ ഷാജി ആലുങ്ങല്‍, പ്രോജക്ട് കോഡിനേറ്റര്‍ പി.വി.ഹിത, അക്വാ കള്‍ച്ചര്‍ പ്രമോട്ടര്‍ എം.പി.കൃഷ്ണപ്രസാദ്,ആര്‍.പി.ടി. ഗ്രൂപ്പ് അംഗങ്ങളായ നൗഷാദ് ചെപ്പു, ആര്‍.എ.കാസിം എന്നിവര്‍ സംസാരിച്ചു.