മാനന്തവാടി: വയനാടന്‍ കാടുകളിലെ കടുവകളുടെ കണക്കെടുപ്പിന് സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി. കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ച് അധികദിവസം ആകുന്നതിന് മുന്‍പാണ് വനംവകുപ്പിന് തിരിച്ചടിയാകുന്ന സംഭവങ്ങളാണുണ്ടായിരിക്കുന്നത്. കടുവകളുടെ കണക്കെടുപ്പിന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി വനത്തിനുള്ളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ക്യാമറകളാണ് മോഷണം പോയതായി വനംവകുപ്പ് അറിയിച്ചത്.
നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ മാനന്തവാടി റെയിഞ്ചിന് കീഴില്‍ വരുന്ന മക്കിയാട് വനമേഖലയിലെ കൊളിപ്പാട് സ്ഥാപിച്ച 55,000 രൂപ വിലയുള്ള രണ്ട് കാമറകളാണ് മോഷണം പോയിരിക്കുന്നത്. കടുവ സെന്‍സസിന്റെ ഭാഗമായി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും എത്തിച്ചതാണ് കാമറകള്‍. കഴിഞ്ഞ നാലിനാണ് കാമറകള്‍ സ്ഥാപിച്ചതെന്ന് വനംവകുപ്പ് പറയുന്നത്. രണ്ട് ദിവസം ഇടവിട്ടുള്ള പരിശോധന വനാന്തര്‍ഭാഗത്ത് നടക്കാറുണ്ട്. ഇത്തരത്തില്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനക്കിടെയാണ് കാമറകള്‍ അഴിച്ചുമാറ്റിയതായി കണ്ടെത്തിയത്.
കാമറകളിലേക്ക് ഘടിപ്പിച്ച കേബിളുകള്‍ അടക്കം കൃത്യമായി അഴിച്ചുമാറ്റിയ നിലയാണുള്ളത്. ഉള്‍വനത്തില്‍ സാധാരണക്കാര്‍ എത്താന്‍ തരമില്ലെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം.
കാമറയിലേക്ക് ഘടിപ്പിച്ച വയറുകള്‍ അടക്കം അഴിച്ചുമാറ്റിയതും ആസൂത്രിതമാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. കാമറകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. തൊണ്ടര്‍നാട് പോലിസും വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി.