തൃശൂര്‍: ദേശീയപാത 66 വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി 5090 കോടി ജില്ലയ്ക്ക് ലഭിച്ചതായി കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. സ്ഥലം നല്‍കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍ ദ്രുതഗതിയില്‍ മുന്നോട്ടു പോകുകയാണ്. ഇനിയും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ഭൂരേഖകള്‍ കൈമാറി തുക കൈപ്പറ്റാത്തവര്‍ ബന്ധപ്പെട്ട രേഖകളുമായി എത്രയും പെട്ടെന്ന് ഡെപ്യൂട്ടി കലക്ടര്‍, എല്‍എഎന്‍എച്ച്, കൊടുങ്ങല്ലൂര്‍ ഓഫീസുമായി ബന്ധപ്പെടുക. കൃത്യമായ രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് ഉടന്‍ തന്നെ തുക അക്കൗണ്ടിലെത്തും. കൊവിഡ് കാലത്ത് ഇത്രയും തുക ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നത് വലിയ കാര്യമാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയ്ക്ക് 5090 കോടി ലഭ്യമായതില്‍ 138 കോടിയോളം രൂപ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു.
ആധാരം/പട്ടയം, അടിയാധാരങ്ങള്‍ (24 വര്‍ഷത്തില്‍ കൂടുതല്‍), കുടിക്കട സര്‍ട്ടിഫിക്കറ്റ്, നികുതി രശീതി (നടപ്പ് വര്‍ഷം), ബാധ്യതാ രഹിത കൈവശ സര്‍ട്ടിഫിക്കറ്റ്, പണയപ്പെടുത്തിയ രേഖ, കക്ഷി നേരില്‍ ഹാജരാകുന്നില്ലെങ്കില്‍ ആയതിന് ചുമതലപ്പെടുത്തിയ രേഖ, തിരിച്ചറിയല്‍ രേഖ, സര്‍വ്വെ നമ്പര്‍ പൂര്‍ണമായും തെറ്റാണെങ്കില്‍ തെറ്റ് തിരുത്താധാരം, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, ഐഎഫ്എസ് സി കോഡ് എന്നിവയാണ് ഹാജരാക്കേണ്ട രേഖകള്‍.
63.5 കിലോമീറ്റര്‍ ദേശീയപാത വികസനത്തിനായി 205.4412 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
കാപ്പിരിക്കാട് മുതല്‍ തളിക്കുളം വരെയും തളിക്കുളം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുമായി രണ്ട് സെക്ടറായി തിരിച്ചാണ് സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുന്നത്.