വളപട്ടണം കവര്‍ച്ച; പോലിസ് നായ മണം പിടിച്ചെത്തിയത് റെയില്‍വേ ട്രാക്കില്‍

Update: 2024-11-25 10:12 GMT

കണ്ണൂര്‍: വളപട്ടണത്ത് നടന്ന വന്‍കവര്‍ച്ചയില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. സ്ഥലത്തെത്തിയ പോലിസ് നായ വീട്ടില്‍നിന്ന് മണംപിടിച്ച ശേഷം നേരേ ഓടിയത് സമീപത്തെ റെയില്‍വേ ട്രാക്കിലേക്ക്. വളപട്ടണം റെയില്‍വേ സ്റ്റേഷനിലാണ് പോലിസ് നായ ഓട്ടംനിര്‍ത്തിയത്. അതിനാല്‍തന്നെ മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്ക് ശേഷം റെയില്‍മാര്‍ഗം രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലിസിന്റെ സംശയം. ജില്ലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരിയായ കെ പി അഷ്റഫിന്റെ വീട്ടില്‍നിന്നാണ് ഒരുകോടി രൂപയും 300 പവനോളം സ്വര്‍ണവും കവര്‍ന്നത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് നഷ്ടമായത്.നവംബര്‍ 19ാം തീയതി അഷ്റഫും കുടുംബവും വീട് പൂട്ടി മധുരയില്‍ ഒരു കല്യാണത്തിന് പോയതായിരുന്നു. ഞായറാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലോക്കറിലെ പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.മൂന്ന് മോഷ്ടാക്കള്‍ മതില്‍ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് വീട്ടിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അടുക്കളഭാഗത്തെ ജനലിന്റെ ഗ്രില്ല് തകര്‍ത്താണ് ഇവര്‍ വീടിനകത്ത് കയറിയത്.

Tags:    

Similar News