ഉപതിരഞ്ഞെടുപ്പ്; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി
തൃശൂര്‍: ജില്ലയില്‍ ഡിസംബര്‍ 7 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 18ാം വാര്‍ഡ് ചാലാംപാടം, മതിലകം ബ്ലോക്ക് പഞ്ചായത്ത് 10ാം വാര്‍ഡ് അഴീക്കോട്, കടപ്പുറം ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ് ലൈറ്റ്ഹൗസ് എന്നീ നിയോജക മണ്ഡലങ്ങളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉപതിരഞ്ഞെടുപ്പ് ദിവസമായ 7ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കൂടാതെ പോളിംഗ് സ്‌റ്റേഷനുകളായി നിര്‍ണ്ണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പോളിങ്ങിന്റെ തലേദിവസമായ 6ാം തീയതിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ 7 ലെ തിരഞ്ഞെടുപ്പിനും 8ാം തീയതിയിലെ വോട്ടെണ്ണലിനും യാതൊരു വിധ തടസ്സങ്ങളുമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട സൗകര്യം സ്ഥാപനത്തില്‍ ഏര്‍പ്പാടാക്കേണ്ടതും, സ്ഥാപനം യഥാവിധി തുറന്നുകൊടുക്കേണ്ടതുമാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡില്‍ വോട്ടവകാശം ഉള്ളവരും, എന്നാല്‍ വാര്‍ഡിനു പുറത്തുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുമായ വോട്ടര്‍മാര്‍ക്ക് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ സൗകര്യം ചെയ്യണം.
ഇതിന് പുറമെ കേരള അബ്കാരി ആക്ട് ചട്ടപ്രകാരം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയ്ക്കുള്ളില്‍ ഡിസംബര്‍ 5ാം തീയതി വൈകുന്നേരം 6 മണി മുതല്‍ ഡിസംബര്‍ 7ാം തീയതി വൈകുന്നേരം 6 മണി വരെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതലും ഡിസംബര്‍ 8ാം തിയതി വോട്ടെണ്ണല്‍ ദിവസവും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായും അതിന് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.