റായ്ബറേലിയിലെ യോഗിയുടെ റാലി ഗ്രൗണ്ടിന് സമീപമുള്ള അഭയകേന്ദ്രത്തില്‍ ദിവസവും കന്നുകാലികള്‍ ചത്തൊടുങ്ങുന്നു
കന്നുകാലി പ്രശ്‌നം അടുത്തിടെ രൂക്ഷമായതിനാലാണ് താത്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, വര്‍ഷങ്ങളായി ഈ പ്രശ്‌നം നിലനില്‍ക്കുന്നതായി ഗ്രാമവാസികള്‍ പറയുന്നു
റായ്ബറേലി:ബിജെപിക്ക് വോട്ടുചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ ഹര്‍ചന്ദ്പൂരില്‍ യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ബിജെപിയുടെ ദീര്‍ഘകാല ദൗത്യത്തെ കുറിച്ച് യോഗി റാലിയില്‍ വ്യക്തമാക്കി.കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി സിറ്റിംഗ് എംപിയായ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഹര്‍ചന്ദ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ഇതുവരെ ഒരു നിയമസഭാ സീറ്റും നേടിയിട്ടില്ല.
ആദിത്യനാഥ് റാലി നടത്തിയ മൈതാനത്ത് നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള സാത്തോണ്‍ ഗ്രാമത്തിലെ മേള ഗ്രൗണ്ട് ആയിരക്കണക്കിന് പശുക്കള്‍ക്കും, പശുക്കിടാങ്ങള്‍ക്കും, കാളകള്‍ക്കും അഭയകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.തിരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ബാക്കി നില്‍ക്കെ ഫെബ്രുവരി രണ്ടിനാണ് ജില്ലാ ഭരണകൂടം ഈ താല്‍കാലിക അഭയകേന്ദ്രം നിര്‍മ്മിച്ചത്.ഇവിടെ ദിവസവും പശുക്കള്‍ ചത്തൊടുങ്ങുകയാണ്.
കന്നുകാലി പ്രശ്‌നം അടുത്തിടെ രൂക്ഷമായതിനാലാണ് താത്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, വര്‍ഷങ്ങളായി ഈ പ്രശ്‌നം നിലനില്‍ക്കുന്നതായി ഗ്രാമവാസികള്‍ പറയുന്നു.ജില്ലാ ചെയര്‍മാന്റെ കീഴിലുള്ള ഈ താത്കാലിക ഷെഡിന്റെ ക്രമീകരണങ്ങള്‍ നോക്കാന്‍ ടാക്‌സ് ഓഫിസര്‍ ധനഞ്ജയ് വര്‍മ്മയെയായണ് അഡ്മിനിസ്‌ട്രേഷന്‍ നിയമിച്ചിരിക്കുന്നത്.നിലവില്‍ മൂന്ന് ഗോശാലകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും,ഗോശാലകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഷെഡിലെ എല്ലാ മൃഗങ്ങളെയും ഗോശാലയിലേക്ക് മാറ്റുമെന്നും വര്‍മ പറഞ്ഞു.
മേഖലയില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളാണ് റായ്ബറേലി ജനങ്ങളെ ദുരിതത്തിലാക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഈ മേഖലയില്‍ പതിവായി വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ പലപ്പോഴും തങ്ങളുടെ വയലുകളിലെ വിളകള്‍ നശിപ്പിക്കുന്നതായി ഗ്രാമവാസികള്‍ പരാതിപ്പെടുന്നു.കൃഷിക്ക് കാവല്‍ നില്‍ക്കുന്നതിനിടയില്‍ കര്‍ഷകന് കന്നുകാലികളുടെ ആക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ ഉണ്ടായതായും കര്‍ഷകര്‍ പറയുന്നു.