നമസ്‌കാരം തുടര്‍ന്നാല്‍ മാള്‍ ബഹിഷ്‌കരിക്കും; യുപി ലുലു മാളിനെതിരേ സംഘപരിവാര്‍ വിദ്വേഷം
ലഖ്‌നൗ: യുപി തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ച ലുലു മാളിനെതിരേ വിദ്വേഷ പ്രചാരണവുമായി സംഘപരിവാരം. കഴിഞ്ഞ ദിവസം ലുലു മാളിലേത് എന്ന പേരില്‍ വിശ്വാസികള്‍ നമസ്‌കരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ പങ്ക് വച്ചാണ് സംഘപരിവാരം വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയത്.
लखनऊ : लुलु मॉल में नमाज़ का मामला, अखिल भारत हिंदू महासभा ने पत्र जारी किया
— News24 (@news24tvchannel) July 14, 2022
◆लुलु मॉल में नमाज़ हुई तो करेंगे सुंदर कांड
◆मॉल को बायकॉट की अपील की pic.twitter.com/tJLtwG8U0J
ആര്‍എസ്എസ് മുഖവാരികയായ 'ഓര്‍ഗനൈസര്‍' അടക്കമുള്ള തീവ്രവലതുപക്ഷ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നമസ്‌കാരത്തിന്റെ വീഡിയോ പങ്കുവച്ചു. 'മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈയിടെ തുറന്നു കൊടുത്ത ലുലുമാളില്‍ മുസ്‌ലിംകള്‍ നമസ്‌കരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്‌ലിംകളും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളുമാണ് എന്നാണ് പറയപ്പെടുന്നത്' എന്ന ശീര്‍ഷകത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.
കെട്ടിടത്തില്‍ നമസ്‌കാരം നടന്നെന്നും മാള്‍ ബഹിഷ്‌കരിക്കണമെന്നും അഖില്‍ ഭാരത് ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും സംഘടന ആരോപിച്ചു.
'മാള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്‌കരിക്കണം' പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാളില്‍ നമസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് മഹാസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പ്രസ്താവനയില്‍ പറഞ്ഞു. 'മാളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട എഴുപത് ശതമാനം പുരുഷന്മാരും ഒരു സമുദായത്തില്‍നിന്നുള്ളവരാണ്. പെണ്‍കുട്ടികള്‍ മറ്റൊരു സമുദായത്തില്‍നിന്നുള്ളവരും. മതഭ്രാന്തുള്ള വ്യക്തിയുടേതാണ് മാള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാത് വിഷയത്തില്‍ അടിയന്തരമായി ഇടപെടണം' ചതുര്‍വേദി ആവശ്യപ്പെട്ടു. ദൈനിക് ഭാസ്‌കര്‍, ആജ് തക് അടക്കമുള്ള ഹിന്ദി മാധ്യമങ്ങള്‍ ബഹിഷ്‌കരണാഹ്വാനം റിപ്പോര്‍ട്ടു ചെയ്തു. ലുലു മാള്‍ ലഖ്‌നൗ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ്. അതേസമയം, വീഡിയോയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് മാള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.