നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കില്ല; ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ സംഭവത്തില്‍, കല്ലറ ഇന്നു പൊളിക്കില്ലെന്ന് സര്‍ക്കാര്‍. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
ഫൊറന്‍സിക് സംഘം ഇന്ന് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് കുടുംബം രംഗത്തെത്തി. തന്റെ ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി സ്ഥലം പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഭാര്യ സുലോചനയും കല്ലറ തുറന്നാല്‍ താന്‍ അത്മഹത്യ ചെയ്യുമെന്ന് മകന്‍ രാജസേനനും പറഞ്ഞു.
കല്ലറ പൊളിക്കാനുള്ള പോലിസിന്റെ നീക്കം ബന്ധുക്കള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനേ തുടര്‍ന്ന് നീക്കം പോലിസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിഷയത്തില്‍ കുടുംബത്തിന് നോട്ടിസ് നല്‍കും. കുടുംബത്തെ കേള്‍ക്കാന്‍ തയ്യാറെന്ന് കലക്ടര്‍ അറിയിച്ചു. എന്നാല്‍ കല്ലറ പൊളിക്കണമെന്നും നേരറിയണമെന്നും നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വരെ തങ്ങള്‍ക്കടുത്ത് താമസിച്ചിരുന്ന ഒരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ മരിച്ചെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണെന്നും, സംഭവത്തില്‍ സത്യമെന്താണെന്നറിയാന്‍ അവകാശമുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കി.