ലോക് ഡൗണ്‍: കുടിയേറ്റത്തൊഴിലാളികള്‍ക്ക് നൈറ്റ് ഷെല്‍ട്ടറുകളൊരുക്കി പഞ്ചാബ് പോലിസ്

Update: 2020-03-30 07:28 GMT

ചണ്ഡീഗഡ്: കുടിയേറ്റത്തൊഴിലാളികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ അവര്‍ക്ക് ആരോഗ്യവിദ്യാഭ്യാസം നല്‍കി കഴിച്ചലാവുന്നവര്‍ക്ക് മാതൃകയായി പഞ്ചാബ് പോലിസ്. ചണ്ഡീഗഡിലെ പോലിസ് സേനയാണ് കുടിയേറ്റത്തൊഴിലാളികള്‍ക്ക് തലചായ്ക്കാന്‍ ഇടവും ഭക്ഷണവും ഒരുക്കി രാജ്യത്തിനു തന്നെ മാതൃകയായത്.

ചണ്ഡീഗഡിലെ മലൊയയിലാണ് പോലിസ് മുന്‍കൈ എടുത്ത് ഷെല്‍റ്റര്‍ ഹോം തയ്യാറാക്കിയത്. ഇരുനൂറോളം പേര്‍ക്ക് സുരക്ഷിതമായ അകലത്തില്‍ താമസിക്കാവുന്ന ഷെല്‍ട്ടറില്‍ ഇപ്പോള്‍ 50 പേരാണ് ഉള്ളത്. എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ യുപിയില്‍ നിന്നുളള തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്.

ഇവിടെ താമസിക്കുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും പോലിസ് ഒരുക്കിയിട്ടുണ്ടെന്ന് സ്‌റ്റേഷന്‍ ചുമതലയുള്ള സതീഷ് കുമാര്‍ ജെയ്ന്‍ പറഞ്ഞു. നഗരത്തില്‍ താമസവും ഭക്ഷണവുമില്ലാതെ കഴിയുന്ന കൂടുതല്‍ പേരെ ഷെല്‍ട്ടറിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോലിസ് നല്‍കിയ സംവിധാനങ്ങള്‍ മികച്ചതാണെന്ന് താമസക്കാരും സാക്ഷ്യപ്പെടുത്തുന്നതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന കൂലിവേലക്കാരായ കുടിയേറ്റത്തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്് കാല്‍നടയായി തങ്ങളുടെ വീടുകളിലേക്ക് പോകുന്നതിനിടയിലാണ് ചണ്ഡീഗഡ് പോലിസിന്റെ കാരുണ്യം തൊഴിലാളികള്‍ക്ക് തുണയായത്.

കൊറോണ വൈറസ് ബാധ തീവ്രമായതോടെ കേന്ദ്രം പ്രഖ്യാപിച്ച ലോക് ഡൗണോടെയാണ് കുടിയേറ്റത്തൊഴിലാളികള്‍ വഴിയാധാരമായത്.  

Tags:    

Similar News