ട്രംപിനെ അട്ടിമറിച്ച് നിക്കി ഹാലി, റിപ്പബ്ലിക്കൻ പ്രൈമറിയിൽ ആദ്യ ജയം; ചൊവ്വാഴ്ചയോടെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയും
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള പ്രാഥമിക മത്സരത്തില്‍ നിക്കി ഹാലിക്ക് ആദ്യ വിജയം. വാഷിങ്ടണ്‍ ഡിസിയിലെ മത്സരത്തിലാണ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിക്കി ഹാലി അട്ടിമറിച്ചത്. 62.9 ശതമാനം വോട്ട് നിക്കിയും 33.2 ശതമാനം വോട്ട് ട്രംപും നേടി.
നിക്കിയെ പിന്തുണച്ച വാഷിങ്ടണ്‍ ഡിസി, 100 ശതമാനം നഗരമേഖലയും കൂടുതല്‍ ബിരുദധാരികളും ഉള്ളതാണ്. അതേസമയം, വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഗ്രാമീണമേഖലയാണ് ട്രംപിനെ പിന്തുണക്കുന്നത്.ട്രംപിന്റെ മുഖ്യ എതിരാളിയായ നിക്കി ഹാലിക്ക് സ്വന്തം സ്‌റ്റേറ്റായ സൗത് കരോലൈനയില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മിസൂറി, മിഷിഗന്‍, ഇഡാഹോ സ്‌റ്റേറ്റുകളില്‍ നടന്ന പ്രാഥമിക മത്സരത്തില്‍ ട്രംപ് വിജയിച്ചിരുന്നു.
ചൊവ്വാഴ്ചയോടെ സ്ഥാനാര്‍ഥിയാരെന്ന ചിത്രം തെളിയും. അന്നാണ് 15 സ്‌റ്റേറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന 'സൂപ്പര്‍ ചൊവ്വ'. 874 പ്രതിനിധികളാണ് അന്ന് നിലപാട് വ്യക്തമാക്കുന്നത്.നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. ഡെമോക്രാറ്റുകള്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡനെ തന്നെ രംഗത്തിറക്കും.