കെ പി അരവിന്ദന്‍
നിപ്പ രണ്ടാമതും സംസ്ഥാനത്തെത്തിയ സാഹചര്യത്തില്‍ എന്തൊക്കെയാണ് വേണ്ടതെന്നതിനെക്കുറിച്ച് പൊതുജനാരോഗ്യവിദ്ധന്‍ കെ പി അരവിന്ദന്‍ എഴുതിയ കുറിപ്പ് പങ്കുവയ്ക്കുന്നു.
നിപ്പ രോഗം മൂന്നാമതും കേരളത്തില്‍ എത്തിച്ചേര്‍ന്ന സാഹചര്യത്തില്‍ ചില ചിന്തകള്‍.
1. രോഗം ഇവിടെ ഉണ്ടാവുന്നത് ഇവിടെ തന്നെയുള്ള Pteropus വിഭാഗത്തില്‍ പെട്ട പഴം തീനി വവ്വാലുകളില്‍ നിന്നാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജി 2019 ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ നിന്ന് ഇത് വ്യക്തമാണ്. കേരളത്തില്‍ 2018 ല്‍ ഉണ്ടായ എപ്പിഡമിക്കിലെ രോഗികളില്‍ നിന്നു ശേഖരിച്ച സാംപിളുകളിലേയും പേരാമ്പ്ര ഭാഗത്തു നിന്നു ശേഖരിച്ച വവ്വാലുകളില്‍ നിന്നു കണ്ടെത്തിയ വൈറസും തമ്മിലുള്ള സാമ്യം 99.7%-100% ആയിരുന്നു. മറിച്ച്, ബംഗ്‌ളാദേശില്‍ നിന്ന് കണ്ടെത്തിയ വൈറസുമായി ഇവയ്ക്കുള്ള സാമ്യം 96% മാത്രമേ ഉണ്ടായിരുന്നുള്ളൂ.
2. പഠിച്ച 52 Pteropus വവ്വാലുകളില്‍ 13 എണ്ണത്തില്‍ (25%) വൈറസ്സിന്റെ സാന്നിധ്യം കണ്ടെത്തി എന്നത് ആ പ്രദേശത്തെങ്കിലും വവ്വാലുകളില്‍ വ്യാപകമായി വൈറസ് ബാധ ഉണ്ടെന്നു വ്യക്തമാക്കുന്നു.
3. നിപ്പ രോഗം കണ്ടെത്തിക്കഴിഞ്ഞാല്‍ തുടര്‍നടപടികള്‍ ചിട്ടയോടെ നടത്താനുള്ള സംവിധാനങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. അക്കാര്യത്തില്‍ വലിയ ആശങ്ക വേണ്ടതില്ല. എന്നാല്‍ വീണ്ടും വീണ്ടും രോഗം വരുന്ന സാഹചര്യത്തില്‍ അതെങ്ങിനെയുണ്ടായി എന്നു കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു തവണയും ആദ്യരോഗിയ്ക്ക് (Index case) രോഗം എങ്ങിനെ കിട്ടി എന്ന് നമുക്ക് കണ്ടെത്താനായില്ല. ഇനി അതിനായിരിക്കണം ഊര്‍ജ്ജിത ശ്രമം.
4. ചിട്ടയായ എപ്പിഡമിയോളജി പാരിസ്ഥിതിക വൈറോളജിക ജിനോമിക പഠനങ്ങള്‍ വഴി മാത്രമേ കേരളത്തില്‍ രോഗം വരുന്ന സാഹചര്യങ്ങളെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയൂ. ഇതിനായി ഒരു മള്‍ട്ടിഡിസിപ്‌ളിനറി ടീം രൂപീകരിക്കണം.
5. തിരുവനന്തപുരം തോന്നക്കലില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ് വാന്‍സ്ഡ് വൈറോളജി എന്ന സ്ഥാപനം മുന്‍ഗണനാക്രമത്തില്‍ വളര്‍ത്തിയെടുക്കണം. എല്ലാ കാര്യത്തിനും കേരളത്തിനു പുറത്തുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളെ ആശ്രയിക്കേണ്ടി വരുന്നത് അഭികാമ്യമല്ല. കേരളത്തിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ മേല്‍ പറഞ്ഞ രീതിയിലുള്ള മള്‍ട്ടി ഡിസിപ്‌ളിനറി പഠനങ്ങള്‍ നടത്താനാവണം. വൈറസ്സുകളെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷാ ലെവല്‍ ലബോറട്ടറികള്‍ അവിടെ സ്ഥാപിക്കണം.
6. കേരളത്തിലെ എന്‍കഫലൈറ്റിസ് (പലപ്പോഴും വൈറസുകള്‍ കാരണമുണ്ടാവുന്ന മസ്തിഷ്‌ക രോഗങ്ങള്‍) കേസുകളില്‍ വലിയൊരു ഭാഗവും കാരണം കണ്ടെത്താതെ പോവുകയാണിപ്പോഴും. ഇവയെല്ലാം ഇവിടെ തന്നെ ടെസ്റ്റ് ചെയ്ത് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിക്കണം. ഇവിടെ ഉണ്ടാകാനിടയുള്ള വൈറസ് / മറ്റ് രോഗാണുക്കള്‍ എന്നിവയ്ക്ക് പറ്റുന്ന മള്‍ട്ടിപ്‌ളക്‌സ് പിസിആര്‍ ടെസ്റ്റുകള്‍ നിര്‍മിക്കണം. ട്രൂനാറ്റ് പോലുള്ള ഉടന്‍ റിസള്‍ട്ട് കിട്ടുന്ന പോയിന്റ് കെയര്‍ ടെസ്റ്റുകള്‍ക്ക് രൂപം നല്‍കി വ്യാപകമായി ഉപയോഗിക്കണം.
7. കൊവിഡ് രോഗം വന്നതു കാരണം നമ്മുടെ രോഗനിര്‍ണയ / തീവ്ര ചികിത്സാ സംവിധാനങ്ങളില്‍ വലിയ അടിസ്ഥാന സൗകര്യ വികസനം നടന്നിട്ടുണ്ട്. അവ കൊവിഡ് പോയിക്കഴിഞ്ഞാലും നില നിര്‍ത്തി ഭാവിയിലെ പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയും വിധം നമ്മുടെ പ്രാപ്തി വര്‍ധിപ്പിക്കണം.