പ്രതികളുടെ ദയാഹരജി തള്ളിയതില്‍ രാഷ്ട്രപതിയോട് നന്ദി പറഞ്ഞ് നിര്‍ഭയയുടെ മാതാവ്
നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാല് പേരില്‍ ഒരാളായ പവന്‍ ഗുപ്തയുടെ ദയാഹരജിയാണ് രാഷ്ട്രപതി തള്ളിയത്.
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ദയാഹരജി തള്ളി രാഷ്ട്രപതിക്ക് നന്ദി പറഞ്ഞ് നിര്‍ഭയയുടെ മാതാവ്. നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാല് പേരില്‍ ഒരാളായ പവന്‍ ഗുപ്തയുടെ ദയാഹരജിയാണ് രാഷ്ട്രപതി തള്ളിയത്.
''പവന്‍ ഗുപ്തയുടെ ദയാഹരജി തള്ളിയതില്‍ ആദ്യമായി രാഷ്ട്രപതിയോട് ഞാന്‍ നന്ദി പറയുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ മരണവാറന്റിന് അപേക്ഷിക്കുന്നുണ്ട്. വധശിക്ഷ സമയത്തു തന്നെ നടപ്പാക്കുമെന്നാണ് പ്രതീക്ഷ''- നിര്‍ഭയയുടെ മാതാവ് ആഷ ദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികളുടെ വധശിക്ഷ നടപ്പാക്കും വരെ താന്‍ സംതൃപ്തയല്ലെങ്കിലും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും അടഞ്ഞതില്‍ സന്തുഷ്ടയാണെന്നും അവര്‍ പറഞ്ഞു.
''എങ്ങനെയാണ് ഞാന്‍ തൃപ്തയാവുക? അവര്‍ വധിക്കപ്പെടും വരെ ഞാന്‍ തൃപ്തയാവില്ല. വധശിക്ഷ നടപ്പാക്കാതിരിക്കാനുള്ള എല്ലാ വഴികളും അടഞ്ഞതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഇനി പുറപ്പെടുവിക്കുന്ന മരണവാറന്റ് അന്തിമമായിരിക്കും''- ആഷ ദേവി പറഞ്ഞു.