നിര്‍ഭയ കേസില്‍ വധശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും നീക്കം; തിരുത്തല്‍ ഹരജിയുമായി പ്രതി പവന്‍ഗുപ്ത സുപ്രിംകോടതിയില്‍

പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് കുമാര്‍ സിങ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി നേരത്തെ മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Update: 2020-02-28 13:14 GMT

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ വധശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും പ്രതിയുടെ നീക്കം. വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതി പവന്‍ഗുപ്തയാണ് തിരുത്തല്‍ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ പ്രതികളുടെ വധശിക്ഷ ചൊവ്വാഴ്ച നടപ്പാക്കാനിരിക്കെയാണ് പുതിയ നീക്കവുമായി പവന്‍ഗുപ്ത രംഗത്തെത്തിയത്. പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് കുമാര്‍ സിങ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി നേരത്തെ മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതികളില്‍ പവന്‍ഗുപ്ത മാത്രമാണ് തിരുത്തല്‍ ഹരജി നല്‍കാനും രാഷ്ട്രപതിക്ക് ദയാഹരജി നല്‍കാനും ബാക്കിയുള്ളത്.

മുകേഷ് കുമാര്‍ സിങ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് എന്നിവരുടെ ദയാഹരജി നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ഇത് ചോദ്യംചെയ്ത് മുകേഷും വിനയും സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയും തള്ളി. രാഷ്ട്രപതി ദയാഹരജി തള്ളിയതിനെതിരേ അക്ഷയ്കുമാര്‍ സുപ്രിംകോടതിയെ ഇതുവരെ സമീപിച്ചിട്ടില്ല. നിയമപരമായി സാധ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാന്‍ പ്രതികള്‍ക്ക് സമയം അനുവദിക്കണമെന്ന് നിരീക്ഷിച്ച പട്യാല കോടതിക്ക് മൂന്നുതവണയാണ് കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കേണ്ടിവന്നത്. പവന്‍ഗുപ്തയുടെ നീക്കത്തിലൂടെ വധശിക്ഷ വീണ്ടും നീട്ടാനുള്ള സാധ്യതയാണ് ഉയരുന്നത്. രാഷ്ട്രപതിക്ക് ദയാഹരജി നല്‍കാനുള്ള അവസരംകൂടി പവന്‍ഗുപ്തയ്ക്കുണ്ട്. 2012 ഡിസംബര്‍ 16ണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരി കൂട്ടബലാല്‍സംഗത്തിനിരയായത്.  

Tags:    

Similar News