ഐഎന്‍എല്‍: പേരും പതാകയും കാസിം ഇരിക്കൂര്‍ വിഭാഗത്തിന്

കോടതി വിധിയോടെ എ പി അബ്ദുല്‍ വഹാബും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഐഎന്‍എല്ലില്‍ നിന്നും പുറത്തായി.

Update: 2022-10-12 10:29 GMT

കോഴിക്കോട്: ഐഎന്‍എല്ലിന്റെ പേരും പതാകയും ഉപയോഗിക്കാനുള്ള അവകാശം കാസിം ഇരിക്കൂര്‍ വിഭാഗത്തിനാണെന്ന് കോഴിക്കോട് സബ് കോടതി വിധിച്ചു. എ പി അബ്ദുല്‍ വഹാബ് വിഭാഗം ഐഎന്‍എല്‍ എന്ന പേരോ, പാര്‍ട്ടി പതാകയോ ഉപയോഗിക്കരുത് എന്നും വിധിയിലുണ്ട്. കോടതി വിധിയോടെ എ പി അബ്ദുല്‍ വഹാബും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഐഎന്‍എല്ലില്‍ നിന്നും പുറത്തായി.

എ പി അബ്ദുല്‍ വഹാബ് വിഭാഗം പാര്‍ട്ടിയുടെ പേരും കൊടിയും ഉപയോഗിക്കുന്നതിനെതിരെ കാസിം ഇരിക്കൂറായിരുന്നു കോടതിയില്‍ ഹര്‍ജിയുമായി എത്തിയത്. ആ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു ഐ എന്‍ എല്ലിലെ തര്‍ക്കം രൂക്ഷമാവുകയും പാര്‍ട്ടി പിളര്‍പ്പിലേക്ക് എത്തുകയും ചെയ്തത്. വഹാബ് പക്ഷവും കാസിം ഇരിക്കൂര്‍ വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ യോഗം അടിപിടിയില്‍ കലാശിച്ചിരുന്നു. ഇതോടെ ദേശീയ എക്‌സിക്യൂട്ടിവ് ചേര്‍ന്ന് ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു.ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടതിന് ശേഷം ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിര്‍ത്തു കൊണ്ട് രംഗത്ത് വന്ന അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കാസിം ഇരിക്കൂര്‍ വിഭാഗം സംസ്ഥാന പ്രസിഡന്റായി അഹമ്മദ് ദേവര്‍ കോവിലിനേയും ജനറല്‍ സെക്രട്ടറിയായി കാസിം ഇരിക്കൂറിനേയും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Tags:    

Similar News