ഡോക്ടറെ മര്‍ദ്ദിച്ച പോലിസുകാരനെതിരേ നടപടിയില്ല; നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം

നടപടി വൈകിയാല്‍ സ്വകാര്യ ആശുപത്രികളിലേക്കുള്‍പ്പടെ സമരം വ്യാപിപ്പിച്ച് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഐഎംഎയും മുന്നറിയിപ്പ് നല്‍കി.

Update: 2021-06-24 18:24 GMT

ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച സിവില്‍ പൊലീസ് ഓഫീസറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നാളെ സമരം ചെയ്യും. ഒ പി ബഹിഷ്‌കരിക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.


സര്‍ക്കാര്‍ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കാനാണ് തീരുമാനം. രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐപി കൊവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കമുണ്ടാകില്ല.


സമരത്തിന് പിന്തുണയുമായി മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയും രംഗത്തുണ്ട്. നടപടി വൈകിയാല്‍ സ്വകാര്യ ആശുപത്രികളിലേക്കുള്‍പ്പടെ സമരം വ്യാപിപ്പിച്ച് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഐഎംഎയും മുന്നറിയിപ്പ് നല്‍കി.




Tags:    

Similar News