ഖത്തറില്‍നിന്ന് 'ഇവ' കൊച്ചിയിലെത്തി
വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെനിന്ന് കൊണ്ടുവരുന്നതിനും അനുമതി നല്‍കുന്ന അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം കൊച്ചിയില്‍ ആരംഭിച്ച ശേഷം ആദ്യമായെത്തുന്ന വളര്‍ത്തുമൃഗമാണ് ഈ പൂച്ച.
എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി 'ഇവ' പുറത്തിറങ്ങി. തൃശൂര്‍ സ്വദേശി രാമചന്ദ്രന്‍ നായര്‍ വളര്‍ത്തിയിരുന്ന പൂച്ചകുട്ടിയാണ് 'ഇവ'. വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെനിന്ന് കൊണ്ടുവരുന്നതിനും അനുമതി നല്‍കുന്ന അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം കൊച്ചിയില്‍ ആരംഭിച്ച ശേഷം ആദ്യമായെത്തുന്ന വളര്‍ത്തുമൃഗമാണ് ഈ പൂച്ച.
ബെല്‍ജിയത്തിലെ ബ്രസല്‍സില്‍നിന്ന് ദോഹ വഴിയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ പൂച്ച എത്തിയത്. വരുംദിവസങ്ങളിലും സമാനമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊച്ചി വിമാനത്താവളത്തിലെത്തിച്ചേരുന്നുണ്ട്. ഈ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ അസുഖങ്ങളോ മറ്റോ ഉണ്ടെങ്കില്‍ വിമാനത്താവളത്തിനകത്തുതന്നെ ക്വാറന്റൈന്‍ സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. പതിനഞ്ച് ദിവസത്തിന് ശേഷം പരിശോധനകള്‍ പൂര്‍ത്തിയാക്കിയാക്കിയാണ് ഇവരെ ക്വാറന്റൈനില്‍ നിന്ന് വിട്ടുനല്‍കുക.
നേരത്തേ ഓമന മൃഗങ്ങളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. ഈ വര്‍ഷം ജൂലൈയിലാണ് 'പെറ്റ് എക്‌സ്‌പോര്‍ട്ട്' സൗകര്യം സിയാലില്‍ നിലവില്‍വന്നത്.