ഒമ്പത് വയസുള്ളപ്പോള്‍ തട്ടിക്കൊണ്ട് പോയ കുട്ടി 30 വര്‍ഷത്തിന് ശേഷം കുടുംബത്തില്‍ തിരികെയെത്തി

സ്‌കൂളില്‍ നിന്ന് തന്നെ വീട്ടിലെത്തിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍ തന്നെയാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്നും രാജസ്ഥാനിലേക്ക് കടത്തിയതെന്നും ഭീം സിങ് പറഞ്ഞു.

Update: 2024-11-28 12:44 GMT

നോയ്ഡ: ഒമ്പത് വയസുള്ളപ്പോള്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ 30 വര്‍ഷത്തിന് ശേഷം തിരികെ കിട്ടി. ഗാസിയാബാദ് സ്വദേശിയായ തുല്‍റാമിനാണ് ഇപ്പോള്‍ 39 വയസുള്ള മകനെ തിരികെ കിട്ടിയത്. 1993 സെപ്റ്റംബറിലാണ് സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരുകയായിരുന്ന ഭീം സിങിനെ കാണാതായത്. പണം ചോദിച്ച് ആദ്യം ചിലര്‍ ഫോണ്‍ ചെയ്‌തെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായില്ല. പോലിസ് അന്വേഷണവും ഫലം ചെയ്തില്ല.

എന്നാല്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച തുല്‍റാം ഗാസിയാബാദില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. പ്രദേശത്ത് ഒരു അരിമില്ല് സ്ഥാപിച്ചാണ് തുല്‍റാം ഗാസിയാബാദില്‍ തുടര്‍ന്നത്. മകന്‍ എന്നെങ്കിലും തിരികെ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, കഴിഞ്ഞ ദിവസം ഖോഡ പോലിസ് സ്‌റ്റേഷനില്‍ നിന്ന് തുല്‍റാമിന് ഒരു ഫോണ്‍ വന്നു. മകനാണെന്ന് പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ടെന്നും സ്റ്റേഷനില്‍ എത്തണമെന്നുമായിരുന്നു നിര്‍ദേശം. സ്റ്റേഷനില്‍ എത്തിയ തുല്‍റാം, ' രാജു' എന്നു വിളിച്ചതോടെ യുവാവ് അച്ചനെ തിരിച്ചറിഞ്ഞെന്ന് പോലിസ് പറയുന്നു. രാജു എന്നാണ് ഭീം സിങിനെ കുട്ടിക്കാലത്ത് തുല്‍റാം വിളിച്ചിരുന്നത്.

ഭീം സിങിനെ തട്ടിക്കൊണ്ടു പോയവര്‍ അയാളെ രാജസ്ഥാനില്‍ അടിമപ്പണി ചെയ്യിപ്പിക്കുകയായിരുന്നു. ആടിനെ നോക്കിവളര്‍ത്തലായിരുന്നു ഭീംസിങ്ങിന്റെ ജോലി. വിവരമറിഞ്ഞ ഒരു സന്നദ്ധസംഘടനയുടെ ഇടപെടലാണ് ഭീം സിങിന്റെ മോചനത്തിന് വഴിവച്ചത്. തുടര്‍ന്ന്് ഒരു കത്തും എഴുതി തയ്യാറാക്കി ഗാസിയാബാദിലേക്ക് വിട്ടു. ഇതോടെ 1993ലെ ഫയലുകള്‍ കുത്തിപ്പൊക്കിയെടുത്ത് പോലിസ് പരിശോധിച്ചു. അങ്ങനെയാണ് കുടുംബത്തെ കണ്ടെത്താന്‍ കഴിഞ്ഞത്.

സഹോദരിമാരുമൊത്ത് സ്‌കൂള്‍ വിട്ടു വരുകയായിരുന്ന ഭീം സിങ്ങിനെ ഓട്ടോയിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് 1993ല്‍ റജിസ്റ്റര്‍ ചെയ്ത കേസ് പറയുന്നത്. സ്‌കൂളില്‍ നിന്ന് തന്നെ വീട്ടിലെത്തിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍ തന്നെയാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്നും രാജസ്ഥാനിലേക്ക് കടത്തിയതെന്നും ഭീം സിങ് പറഞ്ഞു. എന്നാല്‍, പ്രതി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

Similar News