പതിനാറ് വയസുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പാടില്ല; നിയമം പാസാക്കി ആസ്‌ത്രേലിയ, നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 270 കോടി രൂപ പിഴ
ടിക് ടോക്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, എക്‌സ്, റെഡിറ്റ് തുടങ്ങി എല്ലാ സോഷ്യല്‍മീഡിയകള്‍ക്കും നിരോധനം ബാധകമാണ്.
സിഡ്‌നി: പതിനാറ് വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്ന നിയമം ആസ്‌ത്രേലിയ പാസാക്കി. നിയമം ലംഘിക്കുന്ന വന്‍കിട സോഷ്യല്‍ മീഡിയ കമ്പനികള്‍ 270 കോടി രൂപ പിഴയടക്കേണ്ടി വരും. ടിക് ടോക്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, എക്‌സ്, റെഡിറ്റ് തുടങ്ങി എല്ലാ സോഷ്യല്‍മീഡിയകള്‍ക്കും നിരോധനം ബാധകമാണ്. സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ മാനസിക ആരോഗ്യം തകര്‍ക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ ഇത്തരം നിയമം വരുന്ന ലോകത്തെ ആദ്യ രാജ്യമായി ആസ്‌ത്രേലിയ മാറി.
നേരത്തെ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രമേ കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാവൂ എന്ന നിയമം അമേരിക്കയും ഫ്രാന്‍സും പാസാക്കിയിരുന്നു. എന്നാല്‍, ആസ്‌ത്രേലിയയിലെ നിയമം പൂര്‍ണ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യതക്ക് വേണ്ടി വാദിക്കുന്ന സംഘടനകളും കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ചില സംഘടനകളും നിയമത്തെ എതിര്‍ത്തെങ്കിലും രാജ്യത്തെ 77 ശതമാനം പൗരന്‍മാരും നിയമത്തിന് അനുകൂലമാണ്.
സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കങ്ങള്‍ സ്വാധീനിച്ചത് മൂലം അക്രമം നടത്തിയ കുട്ടികളുടെയും അക്രമത്തിന് ഇരയായ കുട്ടികളുടെയും മാതാപിതാക്കളുടെ മൊഴികളും പാര്‍ലമെന്റ് പരിശോധിച്ചു. മെറ്റ, ടിക് ടോക്, എക്‌സ് കമ്പനികള്‍ നിയമത്തിനെതിരേ സര്‍ക്കാരിന് നിവേദനം നല്‍കി. ഇതെല്ലാം തള്ളിയാണ് ആസ്‌ത്രേലിയ നിയമം പാസാക്കിയിരിക്കുന്നത്.