ലോസ് എയ്ഞ്ചലസിനെ ചുറ്റിവളഞ്ഞ് കാട്ടുതീ; അഞ്ച് മരണം, തീ നാളങ്ങള്‍ക്ക് 12 മീറ്റര്‍ ഉയരം, വെടിവയ്പിന്റെ ശബ്ദത്തോടെ തീപടരുന്നു (VIDEO)

നാലു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Update: 2025-01-09 03:22 GMT

ലോസ് എയ്ഞ്ചലസ്: യുഎസിലെ ലോസ് എയ്ഞ്ചലസിനെ ചുറ്റിവളഞ്ഞ് കാട്ടുതീ പടരുന്നു. അഞ്ച് പേര്‍ മരിച്ചതായും ഒരു ലക്ഷത്തില്‍ അധികം പേരെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച തുടങ്ങിയ കാട്ടുതീ തടയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സിയിലെ റിപോര്‍ട്ട് പറയുന്നു. ബുധനാഴ്ച വൈകീട്ടോടെ ഹോളിവുഡ് ഹില്‍സ് ഭാഗത്ത് പുതിയ തീപിടുത്തമുണ്ടായി.

ചൊവ്വാഴ്ച മുതല്‍ ഇതുവരെ 15,832 ഏക്കര്‍ ഭൂമിയാണ് കത്തിനശിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വീടുകളും അഗ്നിക്കിരയായി. സാന്റ മോണിക്ക, തൊപ്പാങ്ക, മാലിബു എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ നഷ്ടം. ലോസ് എയ്ഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിബാധയാണ് ഇത്. നാലു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ലോസ് എയ്ഞ്ചലസിന് സമീപത്തെ മരുഭൂമികളില്‍ ഉല്‍ഭവിക്കുന്ന സാന്റ അന എന്ന ഉഷ്ണക്കാറ്റാണ് തീപിടുത്തത്തിന് കാരണം. തീരെ മഴയില്ലാതെയാണ് ഈ കാറ്റുണ്ടാവുക. മലകളിലും കുന്നുകളിലും ഈ കാറ്റിന്റെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിബാധയാണ് ഇതെന്നും എന്താണ് ചെയ്യുക എന്നറിയില്ലെന്നും ലോസ് എയ്ഞ്ചലസ് കൗണ്ടിയിലെ എമര്‍ജന്‍സി മാനേജ്‌മെന്റ് ഡയറക്ടറായ കെവിന്‍ മക്‌ഗോവന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച്ച വരെ ഉഷ്ണക്കാറ്റുണ്ടാവുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.

'' കാറ്റ് ആഞ്ഞടിച്ചു, തീജ്വാലകള്‍ ഏകദേശം 12 മീറ്റര്‍ വരെ ഉയരത്തില്‍ വന്നു. 'പോപ്പ്, പോപ്പ്, പോപ്പ്' എന്ന് കേള്‍ക്കാം. അത് ഒരു യുദ്ധമേഖല പോലെയായിരുന്നു''- അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന ഈറ്റണ്‍ സ്വദേശിയായ കെവിന്‍ വില്യംസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.



ആറു സംസ്ഥാനങ്ങളിലെ അഗ്നിശമനസേന ലോസ് എയ്ഞ്ചലസില്‍ എത്തിയിട്ടുണ്ട്. 40 ലക്ഷം ലിറ്റര്‍ വെള്ളമാണ് തീയണക്കാന്‍ ഇതുവരെ ഉപയോഗിച്ചിരിക്കുന്നത്. പ്രദേശത്തെ 114 ജലസംഭരണികളും കാലിയായി. കൂടുതല്‍ വെള്ളം മറ്റു പ്രദേശങ്ങളില്‍ നിന്നു കൊണ്ടുവരുകയാണ്.

Tags:    

Similar News