പെണ്‍മക്കളുടെ വിദ്യഭ്യാസ ചെലവ് വഹിക്കാന്‍ രക്ഷിതാക്കള്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്: സുപ്രിംകോടതി

Update: 2025-01-09 14:38 GMT

ന്യൂഡല്‍ഹി: പെണ്‍മക്കളുടെ വിദ്യഭ്യാസ ചെലവ് വഹിക്കാന്‍ രക്ഷിതാക്കള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് സുപ്രിംകോടതി. ഓരോ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് പെണ്‍മക്കളുടെ വിദ്യഭ്യാസ ചെലവ് വഹിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 26 വര്‍ഷമായി പിരിഞ്ഞു നില്‍ക്കുന്ന ഒരു ദമ്പതികളുടെ അയര്‍ലാന്‍ഡില്‍ പഠിക്കുന്ന മകള്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ബന്ധം വേര്‍പ്പെടുത്തുന്ന സമയത്ത് യുവതിയുടെ അമ്മക്ക് ഭര്‍ത്താവ് (യുവതിയുടെ പിതാവ്) 73 ലക്ഷം രൂപ സ്ഥിരം ജീവനാംശമായി നല്‍കിയിരുന്നു. ഇതില്‍ 43 ലക്ഷം രൂപ യുവതിയുടെ വിദ്യഭ്യാസ ആവശ്യത്തിനുള്ളതാണെന്നാണ് പിതാവ് പറഞ്ഞത്. എന്നാല്‍, അമ്മക്ക് നല്‍കിയ തുക അവര്‍ക്കുള്ളതാണെന്നും തനിക്ക് പിതാവില്‍ വേറെ അവകാശമുണ്ടെന്നും യുവതി വാദിച്ചു. അമ്മയ്ക്കും മകള്‍ക്കും സുഖമായി ജീവിക്കാന്‍ വേണ്ട തുക താന്‍ കാലങ്ങള്‍ക്ക് മുമ്പേ ജീവനാംശമായി നല്‍കിയതാണെന്നും ഇനിയും നല്‍കാനാവില്ലെന്നും പിതാവ് വാദിച്ചു. എന്നാല്‍, ഈ വാദം സുപ്രിംകോടതി തള്ളി. എത്രകാലം കഴിഞ്ഞാലും മകളുടെ വിദ്യഭ്യാസ ചെലവ് വഹിക്കാന്‍ പിതാവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു.

Tags:    

Similar News