ഐആര്‍സിടിസി അക്കൗണ്ടുകളുണ്ടാക്കി ടിക്കറ്റ് എടുത്ത് വില്‍ക്കുന്നത് കുറ്റം: സുപ്രിംകോടതി
ന്യൂഡല്‍ഹി: ഐആര്‍സിടിസി അക്കൗണ്ടുകളുണ്ടാക്കി ടിക്കറ്റ് എടുത്ത് വില്‍ക്കുന്നത് റെയില്‍വേ നിയമപ്രകാരം കുറ്റമാണെന്ന് സുപ്രിംകോടതി. നൂറുകണക്കിന് ഐആര്‍സിടിസി അക്കൗണ്ടുകളുണ്ടാക്കി ടിക്കറ്റ് എടുത്തുവിറ്റ കോട്ടയം സ്വദേശി മാത്യു ചെറിയാന്‍ അടക്കമുള്ളവര്‍ക്കെതിരായ കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരേ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നല്‍കിയ അപ്പീലിലാണ് വിധി.
ഓഫ്‌ലൈനായി ടിക്കറ്റ് എടുത്തു വിറ്റാല്‍ മാത്രമേ റെയില്‍വേ നിയമത്തിലെ 143ാം വകുപ്പ് പ്രകാരമുള്ള നടപടി സ്വീകരിക്കാനാവൂയെന്നാണ് ഹൈക്കോടതി വിധിച്ചത്. എന്നാല്‍, ഓണ്‍ലൈനായി ടിക്കറ്റ് അനധികൃതമായി വില്‍ക്കുന്നതും ഈ നിയത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രിംകോടതി പറഞ്ഞു. അനധികൃത ടിക്കറ്റ് എന്നു പറയുമ്പോള്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യത്യാസമില്ല. റെയില്‍വേ നിയമത്തെ ഹൈക്കോടതി സങ്കുചിതമായി പരിശോധിച്ചെന്നും സുപ്രിംകോടതി വിമര്‍ശിച്ചു.
പണ്ട് റെയില്‍വേ നിയമം ഭേദഗതി ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടായിരുന്നില്ല. അതിനര്‍ത്ഥം ഓണ്‍ലൈനായ തട്ടിപ്പുകള്‍ നിയമപരമാണെന്നല്ല. ഒരു അക്കൗണ്ട് ഉടമയ്ക്ക് പ്രതിമാസം 12 ടിക്കറ്റുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തവര്‍ക്ക് 24 ടിക്കറ്റുകള്‍ എടുക്കാം. അപ്പോഴാണ് മാത്യു നൂറുകണക്കിന് അക്കൗണ്ടുകളുണ്ടാക്കി ടിക്കറ്റുകള്‍ എടുത്തിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.