ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു

Update: 2025-01-09 14:44 GMT

തൃശൂര്‍: പ്രശസ്ത ഗായകന്‍ പി ജയചന്ദ്രന്‍(80) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു' എന്നു തുടങ്ങുന്ന ഗാനമാണ്.

തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രൻ ജനിച്ചത്. സംഗീത പ്രേമിയും ഗായകനുമായിരുന്ന പിതാവിൽനിന്നാണ് സംഗീതത്തോടുള്ള താൽ‌പര്യം ജയചന്ദ്രനിലേക്കു പകർന്നത്.

1958 ൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ജയചന്ദ്രന് മൃദംഗത്തിൽ ഒന്നാംസ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്.

നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , ശരദിന്ദു മലർദീപനാളംതുടങ്ങിയവയാണ് ശ്രദ്ധേയ ചലച്ചിത്രഗാനങ്ങൾ.

ഭാര്യ ലളിത.മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.

Tags:    

Similar News