ദുബൈയില്‍ ചര്‍ച്ച നടത്തി ഇന്ത്യയും അഫ്ഗാനിസ്താനും; ചബര്‍ തുറമുഖവും ചര്‍ച്ചയായി
ദുബൈ: യുഎഇയിലെ ദുബൈയില്‍ അഫ്ഗാനിസ്താന്‍ സര്‍ക്കാരും ഇന്ത്യന്‍ സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റിയും അഫ്ഗാനിസ്താനു വേണ്ടി ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമിര്‍ ഖാന്‍ മുത്തഖിയും പങ്കെടുത്തു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായതായി ചര്‍ച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും അറിയിച്ചു. അഫ്ഗാനിസ്താന്റെ വികസനം, വ്യാപാരം, വാണിജ്യം, കായികമേഖല, പ്രാദേശിക സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. അഫ്ഗാനിസ്താനിലേക്ക് ചരക്കുകള്‍ എത്തിക്കുന്ന ഇറാനിലെ ചബര്‍ തുറമുഖം കൂടുതലായി ഉപയോഗിക്കുന്ന കാര്യവും ചര്‍ച്ചയായതായി റിപോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാനിസ്താനിലെ വികസന പ്രവര്‍ത്തനങ്ങളുടെ നിലവിലെ ആവശ്യകത കണക്കിലെടുത്ത് ഇടപെടുന്ന കാര്യം ഉടന്‍ പരിഗണിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് ഇന്ത്യയും അഫ്ഗാനിസ്താനും തമ്മില്‍ അതിര്‍ത്തിയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പാകിസ്താന്റെ കീഴിലുള്ള കശ്മീര്‍ ഇടയിലുണ്ട്. അതിനാല്‍, ഇറാനിലെ ചബര്‍ തുറമുഖത്തെയാണ് ഇരുരാജ്യങ്ങളും കൂടുതലായി ആശ്രയിക്കുന്നത്.
യുഎസ് പിന്തുണയുള്ള പാവസര്‍ക്കാരിനെ 2021ല്‍ താലിബാന്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം ഇന്ത്യ-അഫ്ഗാനിസ്താന്‍ ബന്ധം മരവിച്ച നിലയിലായിരുന്നു. എന്നാലും ഇടക്കിടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. 50,000 ടണ്‍ ഗോതമ്പ്, 300 ടണ്‍ മരുന്നുകള്‍, ഭൂകമ്പവുമായി ബന്ധപ്പെട്ട് 27 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍, 40,000 ലീറ്റര്‍ കീടനാശിനി, 10 കോടി ഡോസ് പോളിയോ വാക്‌സീന്‍, 15 ലക്ഷം ഡോസ് കോവിഡ് വാക്‌സീന്‍, 11,000 ഹൈജീന്‍ കിറ്റുകള്‍, 500 യൂണിറ്റ് തണുപ്പു വസ്ത്രങ്ങള്‍, 1.2 ടണ്‍ സ്‌റ്റേഷനറി കിറ്റ് എന്നിവ ഇന്ത്യ ഇതിനകം അഫ്ഗാനിസ്താന് നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 24ന് പാകിസ്താന്‍ അഫ്ഗാനിസ്താനില്‍ നടത്തിയ വ്യോമാക്രമണത്തെ ഇന്ത്യ രൂക്ഷമായ ഭാഷയില്‍ അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാന്‍ മന്ത്രിയുമായി ഇന്ത്യന്‍ പ്രതിനിധി ചര്‍ച്ച നടത്തിയിരിക്കുന്നത്.