മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ജഡ്ജിക്കെതിരേ പുതിയ റിപോര്‍ട്ട് തേടി സുപ്രിംകോടതി ചീഫ്ജസ്റ്റിസ്; ആഭ്യന്തര അന്വേഷണത്തിന്റെ സൂചനയെന്ന് റിപോര്‍ട്ട്

മുസ് ലിം പുരുഷന്‍മാരുടെ ജനനേന്ദ്രിയത്തെ കുറിച്ചുള്ള പരാമര്‍ശം വരെ ഇതിലുണ്ടായിരുന്നു.

Update: 2025-01-09 02:02 GMT

ന്യൂഡല്‍ഹി: വിശ്വ ഹിന്ദുപരിഷത്ത് വേദിയില്‍ മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ-വംശീയ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി സിറ്റിങ് ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരേ പുതിയ റിപോര്‍ട്ട് തേടി സുപ്രിംകോടതി ചീഫ് ജസ്റ്റിസ്. വര്‍ഗീയപ്രസംഗത്തില്‍ പുതിയ റിപോര്‍ട്ട് നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് അരുണ്‍ ബന്‍സാലിക്ക് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന കത്തെഴുതിയായി ഒരു ഇംഗ്ലീഷ് ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു.

ജസ്റ്റീസ് ശേഖര്‍ കുമാര്‍ യാദവിനെ 2024 ഡിസംബര്‍ 17ന് സുപ്രിംകോടതി കൊളീജിയം വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. പരസ്യമായി മാപ്പുപറയണമെന്നായിരുന്നു കൊളീജിയം നിര്‍ദേശമെങ്കിലും ഏതെങ്കിലും പൊതുപരിപാടിയില്‍ വിശദീകരണം നല്‍കാമെന്നായിരുന്നു ശേഖര്‍ കുമാര്‍ യാദവിന്റെ നിലപാട്. എന്നാല്‍, ഇത്രയും സമയമായിട്ടും അത് നടക്കാത്തതു കൊണ്ടാണ് പുതിയ റിപോര്‍ട്ട് തേടിയിരിക്കുന്നത്. ജഡ്ജിയ്‌ക്കെതിരേ ആഭ്യന്തര അന്വേഷണം ആരംഭിക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് സുപ്രിംകോടതി വൃത്തങ്ങള്‍ പറഞ്ഞു.

ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരേ ആരോപണം വന്നാല്‍ ആ ഹൈക്കോടതിയിലെ ചീഫ്ജസ്റ്റിസ് അന്വേഷണം നടത്തി റിപോര്‍ട്ട് സുപ്രിംകോടതി ജഡ്ജിക്ക് കൈമാറണമെന്നാണ് 1995ലെ സി രവിചന്ദ്രന്‍ അയ്യര്‍-ജസ്റ്റിസ് എ എം ഭട്ടാചാര്‍ജീ കേസിലെ വിധി പറയുന്നത്. ബോംബൈ ഹൈക്കോടതി ജഡ്ജിയായിരുന്ന എ എം ഭട്ടാചാര്‍ജി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണമാണ് 1995ലെ കേസില്‍ സുപ്രിംകോടതി പരിശോധിച്ചത്. ആരോപണത്തെ തുടര്‍ന്ന് ഭട്ടാചാര്‍ജി രാജിവച്ചിരുന്നു. എന്നാലും ഭാവിയില്‍ ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ വിധിയില്‍ കോടതി വ്യക്തതയുണ്ടാക്കി.

'' ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണം വരുകയാണെങ്കില്‍ അതേ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ് ആരോപണങ്ങള്‍ പരിശോധിക്കണം. ആവശ്യമെങ്കില്‍ സ്വതന്ത്ര സ്രോതസില്‍ നിന്നും രഹസ്യമായി വിവരം ശേഖരിക്കാം. ആരോപണം ശരിയാണെന്നു തോന്നിയാല്‍ ഇവയെല്ലാം സുപ്രിംകോടതി ചീഫ്ജസ്റ്റിസിന് കൈമാറണം. സുപ്രിംകോടതി ചീഫ്ജസ്റ്റിസായിരിക്കണം ഇതില്‍ നടപടി സ്വീകരിക്കേണ്ടത്.''- 1995ലെ വിധി പറയുന്നു.

'' ഹൈക്കോടതി ചീഫ്ജസ്റ്റിന്റെ റിപോര്‍ട്ട് കിട്ടിയ ശേഷം ആരോപണം ശരിയാണെന്ന് സുപ്രിംകോടതി ചീഫ്ജസ്റ്റിസിന് തോന്നുകയാണെങ്കില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാം. നടപടിക്ക് മുമ്പ് ആരോപണവിധേയനായ ജഡ്ജിയുടെ നിലപാടും കേള്‍ക്കണം. വിഷയത്തില്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.''-വിധി പറയുന്നു.

ഈ വിധിക്ക് ശേഷം ആഭ്യന്തര അന്വേഷണത്തിനായി 1997ല്‍ സുപ്രിംകോടതി പ്രത്യേക സംവിധാനവും രൂപീകരിച്ചു. ജഡ്ജിയെ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാന്‍ വരെ സുപ്രിംകോടതി കൊളീജിയത്തിന് അധികാരമുണ്ട്.

2024 ഡിസംബര്‍ 12നാണ് വിശ്വഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്‍ നടത്തിയ സെമിനാറില്‍ മുസ്‌ലിംകള്‍ക്കെതിരേ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. മുസ് ലിം പുരുഷന്‍മാരുടെ ജനനേന്ദ്രിയത്തെ കുറിച്ചുള്ള പരാമര്‍ശം വരെ ഇതിലുണ്ടായിരുന്നു. പ്രസംഗത്തിന് നാലുദിവസത്തിന് ശേഷം ഇയാള്‍ കേള്‍ക്കുന്ന കേസുകളുടെ സ്വഭാവം ഹൈക്കോടതി ചീഫ്ജസ്റ്റിസ് മാറ്റി. ജില്ലാകോടതിയില്‍ നിന്നുവരുന്ന അപ്പീലുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇയാള്‍ വാദം കേള്‍ക്കുന്നത്.

Tags:    

Similar News