ഒരാഴ്ച്ചക്കുള്ളില്‍ നിരവധി പേരുടെ തല മൊട്ടയായി;മഹാരാഷ്ട്രയിലെ മൂന്നു ഗ്രാമങ്ങളില്‍ മുടികൊഴിച്ചില്‍ വ്യാപകമാവുന്നു, പരിശോധന നടത്തി ആരോഗ്യവകുപ്പ്

Update: 2025-01-09 02:17 GMT

മുംബൈ: മഹാരാഷ്ട്രയിലെ മൂന്നു ഗ്രാമങ്ങളില്‍ മുടികൊഴിച്ചില്‍ വ്യാപകമാവുന്നതായി റിപോര്‍ട്ട്. ബുല്‍ധാന ജില്ലയിലെ ബോറഗാവ്, കല്‍വാദ്, ഹിംഗ്‌ന എന്നീ ഗ്രാമങ്ങളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേരുടെ മുടി കൊഴിഞ്ഞത്. ഒരാഴ്ച്ചക്കുള്ളില്‍ പ്രദേശവാസികളായ നിരവധി പേരുടെ തല മൊട്ടയായതായി റിപോര്‍ട്ട് പറയുന്നു. വിവരമറിഞ്ഞ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.

കൃഷിക്കുപയോഗിക്കുന്ന വളം കുടിവെള്ളത്തില്‍ കലര്‍ന്നതാവാം കാരണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഗ്രാമീണരുടെ ത്വക്കിന്റെ സാമ്പിളുകളും കുടിവെള്ളത്തിന്റെ സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. മുടി കൊഴിച്ചില്‍ തുടങ്ങി ഒരാഴ്ച്ചക്കകം ഒരാളുടെ തല പൂര്‍ണമായും മൊട്ടയായതായി റിപോര്‍ട്ട് പറയുന്നു. പ്രദേശത്തെ അമ്പതോളം പേര്‍ക്ക് ഈ പ്രശ്‌നമുള്ളതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ത്വക്കിന്റെയും കുടിവെള്ളത്തിന്റേയും പരിശോധനക്ക് ശേഷമേ എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് സ്ഥിരീകരിക്കാനാവൂയെന്ന് ഗ്രാമം സന്ദര്‍ശിച്ച ഹെല്‍ത്ത് ഓഫീസര്‍ ഡോ. ദീപാലി രഹേക്കര്‍ പറഞ്ഞു. കുടിവെള്ളമാണ് പ്രശ്‌നകാരണമെന്നു സംശയിക്കുന്നതായും ഡോ. ദീപാലി പറഞ്ഞു.

Tags:    

Similar News