അദാനിയുമായി കരാറില്ല: ചെന്നിത്തലയുടെ അഴിമതി ആരോപണം നിഷേധിച്ച് വൈദ്യുതി മന്ത്രി എം എം മണി

Update: 2021-04-02 07:58 GMT

ഇടുക്കി: കെഎസ്ഇബിയോ സര്‍ക്കാരോ അദാനിയുമായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. വൈദ്യുതിവാങ്ങുന്നത് കേന്ദ്ര നിര്‍ദേശമനുസരിച്ചാണെന്നും അതുതന്നെ സ്വകാര്യമേഖലയില്‍നിന്നല്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണ പരുത്തകുയാണെന്ന് മന്ത്രി ആരോപിച്ചു.

അദാനിക്ക് കൊള്ള ലാഭമുണ്ടാക്കാനാണ് പിണറായി സര്‍ക്കാര്‍ അദാനിക്ക് കുത്തകയുള്ള കാറ്റില്‍നിന്നുള്ള വൈദ്യുതി തിരഞ്ഞെടുത്തതെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. കുറഞ്ഞ വിലക്ക് മറ്റ് പരാമ്പര്യേതര ഊര്‍ജം ലഭിക്കുമായിരുന്നിട്ടും ഇത്തരം ഒരു കരാറില്‍ ഒപ്പിട്ടതിനു പിന്നില്‍ വലിയ അഴിമതിയുണ്ട്. ഇതുവഴി അദാനിക്ക് ആയിരം കോടിയുടെ ലാഭമുണ്ടാക്കിക്കൊടുക്കാനാണ് ശ്രമിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. പുതിയ വൈദ്യുതി കരാറില്‍ നിന്ന് ഉടന്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടതു പക്ഷത്തിന്റെ പുതിയ സഖ്യ കക്ഷികളായ കേന്ദ്രത്തിലെ ബിജെപിയുമായുള്ള ധാരണയുടെ പുറത്താണ് അദാനിക്ക് കൊള്ള ലാഭമുണ്ടാക്കാനുള്ള പദ്ധതിയില്‍ കേരളം പങ്കാളികളായത്. നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി ലഭ്യമാണ് എന്നിരിക്കെ യൂണിറ്റിന് 2.82 രൂപ നിരക്കിലാണ് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരിക്കുന്നത്. 8,850 കോടിയുടെ കരാര്‍ ഒപ്പിട്ടിരിക്കുന്നത് 25 വര്‍ഷത്തേക്കാണ്. ഓരോ യൂണിറ്റിനും ഏതാണ്ട് ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ അദാനിക്ക് കൂടുതലായി നല്‍കേണ്ടിവരും. 300 മെഗാവാട്ട് വൈദ്യുതിയാണ് അദാനി ഗ്രൂപ്പില്‍ നിന്ന് കേരളം കരാര്‍ അനുസരിച്ച് വാങ്ങേണ്ടി വരിക. റിന്യൂവല്‍ പര്‍ചേസ് ഒബ്ലിഗേഷന്റെ മറവില്‍ കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇത്. ഇതനുസരിച്ച് 5% വൈദ്യുതി എങ്കിലും ഈ ഇനത്തില്‍ നാം വാങ്ങേണ്ടി വരും. സോളാര്‍ ഉള്‍പ്പെടെ വിവിധ പാരമ്പര്യേതര ഊര്‍ജങ്ങളും 25 മെഗാവാട്ടിന്റെ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഈ വിഭാഗത്തില്‍ പെടുന്നതാണ്. എങ്കിലും കാറ്റില്‍ നിന്നുള്ള വൈദ്യുതി തന്നെ സംസ്ഥാനം തിരഞ്ഞെടുത്തത് അദാനിക്കാണ് ഇതില്‍ കുത്തക എന്നതിനാലാണെന്നും ചെന്നിത്തല ആരോപിക്കുന്നു.

എല്ലാ ആരോപണങ്ങളും മന്ത്രി നിഷേധിച്ചു.

Tags:    

Similar News