ഗുണമില്ല, ദോഷവും; നാട്ടുവൈദ്യന്റെ കൊവിഡ് മരുന്നിന് ആന്ധ്രാ സര്‍ക്കാറിന്റെ അനുമതി
ദേശീയ ആയുര്‍വേദ ഗവേഷണ കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം
നെല്ലൂര്‍: നാട്ടുവൈദ്യന്‍ കണ്ടെത്തിയ കൊവിഡ് മരുന്ന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നെല്ലൂരിലെ നാട്ടുവൈദ്യനായ ആനന്ദയ്യയുടെ ആയുര്‍വേദ മരുന്നാണ് കൊവിഡ് രോഗികള്‍ക്കു നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്. ദേശീയ ആയുര്‍വേദ ഗവേഷണ കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ആനന്ദയ്യയുടെ മരുന്ന് സംബന്ധിച്ച് പഠനം നടത്തി റിപോര്‍ട്ട് നല്‍കണമെന്ന് നെല്ലൂര്‍ സ്വദേശി കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ദേശീയ ആയുര്‍വേദ ഗവേഷണ കേന്ദ്രം മരുന്നിനെ കുറിച്ച് പഠനം നടത്തി. മരുന്ന് കൊവിഡ് ഭേദപ്പെടുത്തുമെന്നതിന് തെളിവുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയില്ല.
എന്നാല്‍, മരുന്നില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ക്ക് മറ്റു ദോഷഫലങ്ങളില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് അനുമതി നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.