നോയ്ഡയിലേക്കും ഗാസിയാബാദിലേക്കും ഡല്‍ഹിയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്ക്
ലഖ്‌നോ: അയല്‍സംസ്ഥാനമായ ഡല്‍ഹിയില്‍ നിന്നുളള പ്രവേശനം തല്‍സ്ഥിതി തുടരുമെന്ന് ഉത്തര്‍പ്രദേശ് സംസ്ഥാന ഭരണകൂടം അറിയിച്ചു. ഈ ജില്ലകളിലേക്ക് ഡല്‍ഹിയില്‍ നിന്നുള്ള പ്രവേശനത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ലോക്ക് ഡൗണ്‍ 4 നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ ഉത്തരവ് വന്നത്. രണ്ട് നഗരങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതിനുള്ള അധികാരം ജില്ലാ ഭരണകൂടത്തിനാണെന്ന് ഇന്നലെ രാത്രി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ദില്ലിയിലെ കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകളില്‍ താമസിക്കുന്നവരെ ഉത്തര്‍പ്രദേശിലെ രണ്ട് നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് മെയ് 31 വരെ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നീട്ടിയതിനെത്തുടര്‍ന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. അതനുസരിച്ച് ജില്ലാ അധികാരികള്‍ക്ക് ഓരോ ജില്ലയിലെയും സ്ഥിതിഗതികളില്‍ തീരുമാനമെടുക്കാം.
പുതിയ ഉത്തരവനുസരിച്ച് ബസുകള്‍ക്കോ സ്വകാര്യ വാഹനങ്ങള്‍ക്കോ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതുവരെ അന്തര്‍ സംസ്ഥാന യാത്ര അനുവദിച്ചിട്ടില്ല.
ഹോട്ടലുകള്‍ തുറക്കാനാവില്ല, പക്ഷേ, ഹോം ഡെലിവറി നടത്താം. ബേക്കറികളും തുറക്കാം. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള എല്ലാ വ്യവസായസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
മാളുകള്‍ ഒഴികെയുള്ള കച്ചവടസ്ഥാപനങ്ങള്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ തുറക്കാം. മാര്‍ക്കറ്റുകള്‍ തുറക്കുന്നതിനുള്ള ഷെഡ്യൂളുകള്‍ തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടങ്ങളെ ചുമതലപ്പെടുത്തി. എല്ലാ ദിവസവും രാവിലെ 6 മുതല്‍ 9 വരെ മാത്രമേ പച്ചക്കറിക്കടകള്‍ തുറക്കാവൂ. ഇരുചക്രവാഹനങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമേ പുറകിലിരിക്കാനനുവദമുള്ളൂ. പ്രിന്റിങ് പ്രസുകള്‍ തുറക്കാം.