ശിവാജിക്ക് നായ ഉണ്ടായിരുന്നില്ലെന്ന്; റായ്ഗഡ് കോട്ടയിലെ 'വാഗ്യ' പ്രതിമ നീക്കം ചെയ്യണമെന്ന് പിന്‍ഗാമി

മുംബൈ: മറാത്ത സാമ്രാജ്യത്തിന്റെ തലവനായിരുന്ന ശിവാജിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന നായയുടെ പ്രതിമ നീക്കം ചെയ്യണമെന്ന് ശിവാജിയുടെ പിന്‍ഗാമിയും രാജ്യസഭ മുന്‍ എംപിയുമായ സംഭാജിരാജെ. ശിവാജിയുടെ ശവകുടീരമുള്ള റായ്ഗഡിലെ കോട്ടയില്‍ നിന്നും വാഗ്യ എന്ന നായയുടെ പ്രതിമ നീക്കം ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സംഭാജിരാജെ നിവേദനവും നല്‍കി.
വാഗ്യ എന്ന പേരില്‍ ശിവാജിക്ക് ഒരു നായയുണ്ടായിരുന്നു എന്നാണ് പൊതുവിശ്വാസം. എന്നാല്‍, അങ്ങനെയൊരു നായ ഉണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്ന് സംഭാജിരാജെ പറയുന്നു. ശിവാജി മരിച്ചതിന് ശേഷം മൃതദേഹം ചിതയില്‍ വച്ചപ്പോള്‍ വാഗ്യയും ചിതയില്‍ ചാടി എരിഞ്ഞടങ്ങി എന്നാണ് കഥ. ഇന്‍ഡോറിലെ തുകോജി ഹോല്‍ക്കര്‍ എന്ന രാജകുമാരന്റെ നിര്‍ദേശ പ്രകാരം 1906ല്‍ രൂപീകരിച്ച ശ്രീ ശിവാജി റായ്ഗഡ് സ്മാരക സമിതി എന്ന സംഘടനയുടെ ആവശ്യപ്രകാരമാണ് 1936ല്‍ കോട്ടയില്‍ വാഗ്യ പ്രതിമ സ്ഥാപിച്ചത്. 2012ല്‍ സംഭാജി ബ്രിഗേഡ് എന്ന സംഘടന പ്രതിമ എടുത്തു കളഞ്ഞു. പക്ഷേ, ശ്രീ ശിവാജി റായ്ഗഡ് സ്മാരക സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുനസ്ഥാപിച്ചു.
ഡെക്കാന്‍ പീഠഭൂമിയിലെ ഏറ്റവും ശക്തമായ കോട്ടയായാണ് റായ്ഗഡ് കോട്ട അറിയപ്പെടുന്നത്. കോട്ടകളുടെ രാജാവ് എന്നും ഇത് വിശേഷിപ്പിക്കപ്പെടുന്നു. ഈ കോട്ടയില്‍ വച്ചാണ് ശിവാജി അധികാരത്തിലേറുന്നത്. ശിവാജിയുടെ മകന്‍ സംഭാജിയെ പരാജയപ്പെടുത്തിയ ശേഷം 1689ല്‍ മുഗള്‍ ഭരണാധികാരികള്‍ കോട്ട പിടിച്ചു. 1818ല്‍ ബ്രിട്ടീഷുകാര്‍ കോട്ട ആക്രമിച്ചു.