കൊവിഡ് ഡ്യൂട്ടിക്കിടയില്‍ മരിച്ച ഡോക്ടര്‍മാരെ കുറിച്ച് പാര്‍മെന്റില്‍ പരാമര്‍ശമില്ല: ആരോഗ്യമന്ത്രിയ്‌ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

Update: 2020-09-17 06:07 GMT

ന്യൂഡര്‍ഹി: കൊവിഡ് ഡ്യൂട്ടിയില്‍ മരിച്ച ഡോക്ടര്‍മാരെക്കുറിച്ച് ഒരു വാക്കുപോലും പരാമര്‍ശിക്കാതെ പാര്‍ലമെന്റില്‍ റിപോര്‍ട്ട് അവതരിപ്പിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനെതിരേ ഡോക്ടര്‍മാരുടെ സംഘടന. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലില്ലെന്ന ആരോഗ്യ സഹമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിസ്സംഗവും നിരുത്തരവാദപരവുമാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യത്തില്‍ 'പകര്‍ച്ചവ്യാധി നിയമം 1897, ദുരന്തനിവാരണ നിയമം എന്നിവ നടപ്പാക്കാനുള്ള ധാര്‍മ്മിക അധികാരം സര്‍ക്കാരിനില്ലെന്നും സംഘടന അഭിപ്രായപ്പെട്ടു.

ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് 382 ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് ഐ.എം.എ അറിയിച്ചു. ഈ പട്ടികയില്‍ 27 വയസ്സുമുതല്‍ 85 വയസ്സുവരെയുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നു.

മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഭാവനകളെ അംഗീകരിച്ച ആരോഗ്യമന്ത്രി ഈ രോഗം മൂലം ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാരെ കുറിച്ച് ഒരക്ഷരമുരിയാടിയില്ല. ഈ വിവരങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധ അര്‍ഹിക്കുന്നില്ലെന്ന് കരുതുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഡോക്ടര്‍മാരുടെ ജീവന്‍ വലിയൊരു നഷ്ടമൊന്നുമല്ലെന്ന മട്ടിലാണ് അധികാരികളുടെ പ്രതികരണം. ഇന്ത്യയെപ്പോലെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ലോകത്തില്‍ ഒരു രാജ്യത്തിനും നഷ്ടമായിട്ടില്ല- ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആശുപത്രികളും പൊതുജനാരോഗ്യവും സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന് ഇത്തരം കാര്യങ്ങളെ കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നായിരുന്നു കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ പാര്‍ലമെന്റിനെ അറിയിച്ചത്. ഇതിനെതിരേയാണ് വിമര്‍ശനവുമായി ഐഎംഎ രംഗത്തുവന്നത്.  

Tags:    

Similar News