വൈദ്യുതി ബില്ല് അടക്കാന്‍ പണമില്ല; ഐക്യരാഷ്ട്ര സഭയോട് സഹായം അഭ്യര്‍ഥിച്ച് താലിബാന്‍
ആഗസ്റ്റ് പകുതിയോടെ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, അതിന്റെ വൈദ്യുതി ആവശ്യത്തിന്റെ 78% വിതരണം ചെയ്യുന്ന അയല്‍രാജ്യങ്ങള്‍ക്ക് വൈദ്യുതി ബില്ലുകള്‍ അടച്ചിട്ടില്ല
കാബൂള്‍: വൈവദ്യുതി വിതരണം നടത്തിയതിന് വിവിധ രാജ്യങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിഖ വീട്ടുന്നതിനായി അഫ്ഗാനിസ്ഥാനിലെ സ്‌റ്റേറ്റ് പവര്‍ കമ്പനി ഐക്യരാഷ്ട്രസഭയോട് സഹായം അഭ്യര്‍ത്ഥിച്ചു, മധ്യ ഏഷ്യന്‍ വിതരണക്കാര്‍ക്ക് വീട്ടാനുള്ള 90 ദശലക്ഷം ഡോളര്‍ അനുവദിക്കണമെന്നാണ് താലിബാന്‍ അഭ്യര്‍ഥിച്ചത്. മൂന്നുമാസമായി പണം നല്‍കിയിട്ടില്ലെന്നും വൈദ്യുതി വിതരണം മുടങ്ങുന്നതിനുമുമ്പ് തുക അനുവദിക്കണമെന്നുമാണ് താലിബാന്റെ ആവശ്യം.
ആഗസ്റ്റ് പകുതിയോടെ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, അതിന്റെ വൈദ്യുതി ആവശ്യത്തിന്റെ 78% വിതരണം ചെയ്യുന്ന അയല്‍രാജ്യങ്ങള്‍ക്ക് വൈദ്യുതി ബില്ലുകള്‍ അടച്ചിട്ടില്ല. യുഎസും മറ്റ് സഖ്യകക്ഷികളും രാജ്യത്തിന്റെ വിദേശ കരുതല്‍ മരവിപ്പിച്ചതിനാല്‍ പണക്ഷാമം നേരിടുന്ന സര്‍ക്കാരിന് ഇത് മറ്റൊരു പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍ സാധാരണയായി ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഇറാന്‍ എന്നിവയ്ക്ക് പ്രതിമാസം 20 ദശലക്ഷം മുതല്‍ 25 ദശലക്ഷം ഡോളര്‍ വരെ നല്‍കാറുണ്ടെന്നും ഇപ്പോള്‍ ബില്ലുകള്‍ 62 ദശലക്ഷം ഡോളറാണെന്നും അഫ്ഗാനിസ്ഥാന്‍ ആക്ടിംഗ് സിഇഒ സൈഫുല്ല അഹ്മദ്‌സായ് പറഞ്ഞു. ഈ രാജ്യങ്ങള്‍ 'അവര്‍ ആഗ്രഹിക്കുന്ന ഏത് ദിവസവും' വൈദ്യുതി വിതരണം വിച്ഛേദിച്ചേക്കാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാന് പ്രതിവര്‍ഷം 1,600 മെഗാവാട്ട് വൈദ്യുതി ആവശ്യമാണ്. ജലവൈദ്യുത നിലയങ്ങള്‍, സോളാര്‍ പാനലുകള്‍, ഫോസില്‍ ഇന്ധനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര വൈദ്യുതി സ്രോതസ്സുകള്‍ രാജ്യത്തിനു വേണ്ട വൈദ്യുതിയുടെ 22% മാത്രമാണ് നല്‍കുന്നത്.