ന്യൂനപക്ഷകാര്യ മന്ത്രാലയം നിര്‍ത്തലാക്കാന്‍ നിര്‍ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Update: 2022-10-04 01:44 GMT

ന്യൂഡല്‍ഹി: ന്യൂനപക്ഷകാര്യ മന്ത്രാലയം നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയവുമായി ന്യൂനപക്ഷകാര്യ മന്ത്രാലയത്തെ ലയിപ്പിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ഡെക്കാള്‍ ഹെറാള്‍ഡ് പത്രം നല്‍കിയ ഈ വാര്‍ത്ത വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തിയ ഫാക്ട് ചെക്കിലാണ് വ്യക്തമാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി വാര്‍ത്ത പ്രസിദ്ധീകരിച്ച ഡെക്കാന്‍ ഹെറാള്‍ഡിനെയും പിഐബി ഫാക്ട് ചെക്കിനെയും ടാഗ് ചെയ്തിട്ടുമുണ്ട്.



വാര്‍ത്ത വ്യാജമാണ്. അത്തരമൊരു നിര്‍ദേശമോ തീരുമാനമോ പരിഗണനയിലില്ല- ട്വീറ്റ് വ്യക്തമാക്കുന്നു. 2006ല്‍ യുപിഎ സര്‍ക്കാര്‍ സ്ഥാപിച്ച ന്യൂനപക്ഷകാര്യ മന്ത്രാലയം ഒഴിവാക്കി സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തില്‍ ലയിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തയോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈ നീക്കത്തിനെതിരേ കോണ്‍ഗ്രസ് രാജ്യസഭാംഗം സയ്യിദ് നസീര്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു.

Tags:    

Similar News