മന്ത്രിസ്ഥാനം: പ്രതികരിക്കാനില്ലെന്ന് ഗണേഷ് കുമാറും സഹോദരി ഉഷയും

Update: 2021-05-18 13:54 GMT

തിരുവനന്തപുരം: കുടുംബത്തിലെ തര്‍ക്കം മൂലം കെ ബി ഗണേഷ്‌കുമാറിന് രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം നഷ്ടമായെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ വിസമ്മതിച്ച് കുടുംബം. കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഗണേഷിനെതിരേ പരാതി ഉന്നയിച്ച സഹോദരി ഉഷ മോഹന്‍ദാസ് വ്യക്തമാക്കി. നിലവിലെ വാര്‍ത്തയെക്കുറിച്ച് അറിയില്ല. പുറത്തുവന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ല. തന്റെ അറിവോടെ വന്ന വാര്‍ത്തയല്ല ഇത്. കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ട്.

എന്നാല്‍, കുടുംബത്തില്‍തന്നെ പരിഹരിക്കും. ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും നല്‍കിയിട്ടില്ല. വില്‍പത്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും എല്‍ഡിഎഫിനൊപ്പം ശക്തമായി രംഗത്തുണ്ടാവുമെന്നും ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ അതൃപ്തിയില്ല. എല്‍ഡിഎഫിന്റെ യുക്തമായ തീരുമാനമാണ് ഇക്കാര്യത്തിലുണ്ടായത്. മുന്നണിയുടെ തീരുമാനത്തോട് അതൃപ്തിയില്ലെന്നും ഗണേഷ് പ്രതികരിച്ചു.

സര്‍ക്കാരിന്റെ ആദ്യടേമില്‍നിന്ന് ഗണേഷിനെ ഒഴിവാക്കിയ സംഭവം ശ്രദ്ധനേടിയതോടെയാണ് ഉഷയുടെ പരാതിയുമായി ബന്ധപ്പെട്ട വിവരം ചര്‍ച്ചയായത്. ഉഷയും ഭര്‍ത്താവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ മോഹന്‍ദാസും ചേര്‍ന്നാണ് ഗണേഷിനെതിരേ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും പരാതി നല്‍കിയെന്നായിരുന്നു റിപോര്‍ട്ടുകള്‍. പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തിനെ ചൊല്ലിയുള്ള പരാതികളാണ് ഇരുവരും ഉന്നയിച്ചത്.

പിള്ളയുടെ അവസാന കാലത്ത് ഗണേഷ് ബില്‍പത്രത്തില്‍ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി. ഇതിന്റെ തെളിവുകളും ഇരുവരും ഹാജരാക്കിയെന്നാണ് വിവരം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്ന് ആദ്യഘട്ടത്തില്‍തന്നെ ഉയര്‍ന്നുകേട്ട പേരാണ് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് കെബി ഗണേഷ് കുമാറിന്റേത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍നിന്നും ഗണേഷിന് പുറത്തുപോവേണ്ടിവന്നത്.

Tags:    

Similar News