പാസ്‌പോര്‍ട്ട് അപേക്ഷകളിലെ പരിശോധനാമികവിന് കേരള പോലിസിന് അംഗീകാരം

പാസ്‌പോര്‍ട്ട് സേവാ ദിവസ് ആഘോഷത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ കേരള പോലിസിന് വേണ്ടി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് എസ് സാഖറെ വിദേശകാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കറില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചു.

Update: 2019-06-25 11:54 GMT

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നല്‍കുന്ന അംഗീകാരത്തിന് കേരള പോലിസ് അര്‍ഹരായി. പാസ്‌പോര്‍ട്ട് സേവാ ദിവസ് ആഘോഷത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ കേരള പോലിസിന് വേണ്ടി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് എസ് സാഖറെ വിദേശകാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കറില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചു.

പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയ്ക്ക് നേരത്തെ മാസങ്ങളെടുത്തിരുന്നു. ഈ കാലതാമസം ഒഴിവാക്കുന്നതിനായി 2017 ല്‍ കേരള പോലിസ് നടപടികള്‍ ആരംഭിച്ചു. പോലിസിലെ സാങ്കേതികവിദഗ്ധര്‍ നിര്‍മിച്ച ഇവി ഐ പി വെര്‍ഷന്‍ 1.0 എന്ന സംവിധാനം തൃശ്ശൂര്‍ റൂറല്‍ പോലിസ് ജില്ലയില്‍ നടപ്പിലാക്കി. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്ന ജില്ലയായ മലപ്പുറത്ത് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വന്‍ വിജയമായിരുന്നു. തുടര്‍ന്ന് 19 പോലിസ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിച്ചു.

പോലിസ് ക്ലിയറന്‍സ് ലഭിക്കുന്നതിനുളള കാലയളവ് 48 മണിക്കൂര്‍ മുതല്‍ 120 മണിക്കൂര്‍ വരെയാക്കി ചുരുക്കാന്‍ ഇതുവഴി കഴിഞ്ഞു. അപേക്ഷകരുടെ സംതൃപ്തിയുടെയും നടപടിക്രമത്തിന്റെ വേഗത്തിന്റെയും അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തത്. സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും മനുഷ്യ ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും മുന്‍ഗണന നല്‍കി ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇ വി ഐ പി വെര്‍ഷന്‍ 2.0 വികസിപ്പിച്ചുവരികയാണ്. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ പോലിസ് ക്ലിയറന്‍സ് ലഭിക്കുന്നതിനുളള സമയപരിധി 24 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെയായി ചുരുങ്ങും.  

Tags:    

Similar News